കായംകുളം : കറ്റാനം ജംഗ്ഷനിലെത്തുന്ന യാത്രക്കാരുൾപ്പെടെയുള്ള പൊതുജനങ്ങൾക്ക് പ്രാഥമികാവശ്യം നിറവേറ്റാൻ മൂന്നുവർഷം മുന്പ് നിർമിച്ച ഇ- ടോയ്ലറ്റ്് തുരുന്പെടുത്ത് നശിക്കാൻ തുടങ്ങിയിട്ടും പ്രവർത്തിക്കാൻ നടപടിയില്ല. നിർമൽ പുരസ്കാരമായി ലഭിച്ച തുകയിൽനിന്ന് ആറുലക്ഷം രൂപ വിനിയോഗിച്ച് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്താണ് ഇടോയ്ലറ്റ് സ്ഥാപിച്ചത്.
ടോയ്ലറ്റ് നിർമാണം നടത്തിയത് കെൽട്രോണാണ്, ഇ- ടോയ്ലറ്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ വെള്ളം സംഭരിക്കുന്നതിനും മാലിന്യം നീക്കംചെയ്യുന്നതിനുമുള്ള ടാങ്കുകൾ സ്ഥാപിക്കാൻ കഴിയാത്തതാണ് പ്രവർത്തനം വൈകുന്നതിന് കാരണമെന്നാണ് വർഷങ്ങളായി അധികൃതർ നൽകുന്ന വിശദീകരണം. ഇ-ടോയ്ലറ്റ് സ്ഥാപിച്ചതിന് സമീപം ഭൂമിക്കടിയിലൂടെ ടെലിഫോണുകളുടേതടക്കം നിരവധി കേബിളുകൾ കടന്നുപോകുന്നുണ്ട്. ഇത് ടാങ്കുകൾ സ്ഥാപിക്കാൻ തടസവുമാണ്.
കെ.പി.റോഡിലെ തിരക്കേറിയ ജംഗ്ഷനുകളിൽ ഒന്നാണ് കറ്റാനം ജംഗ്ഷൻ നിരവധി യാത്രക്കാർ ദിനം പ്രതി വന്നുപോകുന്ന ഇവിടെ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയാണ് ഇപ്പോൾ പ്രവർത്തിക്കാൻ കഴിയാതെ വെറും നോക്കു കുത്തിയായി മാറിയ ഇ- ടോയ്ലറ്റ് ഇപ്പോൾ രാഷ്ട്രീയ പാർട്ടികളുടെയും മറ്റും പോസ്റ്ററുകൾ പതിക്കുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ് ,