കൊല്ലം: ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ സേവനങ്ങള്‍ നല്‍കിയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും റവന്യൂ ഓഫീസ് അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ മുഖം കൈവന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും പട്ടയവിതരണവും ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ പൊതുസമൂഹത്തിന് ഏറെ ഗുണകരമാകുന്ന സംരംഭമാണ് വില്ലേജ് ഓഫീസുകളുടെ നവീകരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. പൊതുജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്ന വില്ലേജ് ഓഫീസ് അടക്കമുള്ള റവന്യൂ സ്ഥാപനങ്ങള്‍ ജനസൗഹാര്‍ദ്ദപരമായി മാറേണ്ടത് പ്രധാനമാണ്. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ആധുനിക സേവനങ്ങള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ഓഫീസുകള്‍ സ്മാര്‍ട്ട് നിലവാരത്തിലേക്കുയരണം.
ഭരണ-നിര്‍വഹണ കാര്യങ്ങളിലെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നവീകരണങ്ങള്‍ക്ക് സാധിക്കും. ദശാബ്ധങ്ങളായി വിവിധ സാങ്കേതിക തടസങ്ങളില്പ്പെട്ട് മുടങ്ങിക്കിടന്ന ജനകീയാവശ്യമായ കൈവശഭൂമിക്കുള്ള പട്ടയവിതരണം നല്കാന് സര്‍ക്കാരിന് സാധിച്ചു. രണ്ട് ലക്ഷത്തോളം പേര്‍ക്ക് ഇതുവരെ പട്ടയം നല്കി കഴിഞ്ഞു. തുടര്‍ന്നും അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ഇ ചന്ദ്രശേഖരന് ചടങ്ങില്‍ അധ്യക്ഷനായി. ജില്ലയില്‍ കുമ്മിള്‍ വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനവും കൊല്ലം വെസ്റ്റ്, മുണ്ടയ്ക്കല്‍, പള്ളിമണ്‍, നെടുമ്പന, മുളവന, കുന്നത്തൂര്‍, ശാസ്താംകോട്ട, പോരുവഴി, തിങ്കള്‍കരിക്കകം, കുളത്തൂപ്പുഴ, കലയപുരം, ചക്കുവരയ്ക്കല്‍, വിളക്കുടി എന്നീ വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനവുമാണ് നടന്നത്.
കുമ്മിള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ മുല്ലക്കര രത്നാകരന് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ എംഎല്‍എ പട്ടയങ്ങളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയല്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസ് നിര്‍മാണോദ്ഘാടന ചടങ്ങില്‍ എം. മുകേഷ് എം എല്‍എയും മുണ്ടയ്ക്കല്‍ വില്ലേജ് ഓഫീസില്‍ എം.നൗഷാദ് എംഎല്‍എ യും കുന്നത്തൂര്‍ കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയും ശിലാഫലകം അനാച്ഛാദനം ചെയ്തു. 16 പട്ടയങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
കലയപുരം, പള്ളിമണ്‍, നെടുമ്പന, മുളവന, ശാസ്താംകോട്ട, പോരുവഴി, തിങ്കള്‍കരിക്കകം, കുളത്തൂപ്പുഴ, ചക്കുവരയ്ക്കല്‍, വിളക്കുടി വില്ലേജ് ഓഫീസുകളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു.