പത്തനംതിട്ട: പ്രളയാനന്തരം വീടുകളില്‍ അടിഞ്ഞുകൂടിയ ഉപയോഗശൂന്യമായ ഇലക്ട്രോണിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന തിരക്കിലാണ് തിരുവല്ല നഗരസഭ. ആദ്യഘട്ടത്തില്‍ നഗരസഭയിലെ 35 വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച അഞ്ച് ലോഡ് ഇ- മാലിന്യങ്ങളാണ് ക്ലീന്‍ കേരള കമ്പനിയ്ക്ക് കൈമാറിയത്. രണ്ടാംഘട്ടത്തില്‍ നഗരത്തില്‍ ബാക്കിയുള്ള ഇ മാലിന്യങ്ങള്‍ 26ന് ശേഖരിക്കുമെന്ന് നഗരസഭ സെക്രട്ടറി എസ്.ബിജു അറിയിച്ചു.
അപ്രതീക്ഷിത പ്രളയം വരുത്തിയ ആഘാതത്തില്‍ നിന്നും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ നഗരവാസികള്‍ക്ക് എറെ വെല്ലുവിളിയായത് ഇ-മാലിന്യങ്ങള്‍ ആയിരുന്നു. പഴയ സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ പോലും ഇ മാലിന്യങ്ങളോട് വിമുഖത കാണിച്ചതോടെയാണ് ഇവ നീക്കം ചെയ്യുന്നതിന് നഗരസഭ തന്നെ രംഗത്തെത്തിയത്.
നഗരസഭയിലെ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും ഓരോ സ്ഥലങ്ങള്‍ നിശ്ചയിച്ച് മാലിന്യങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഉപയോഗശൂന്യമായ മൊബൈല്‍ഫോണ്‍, ടിവി, റേഡിയോ, ബാറ്ററികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വാഹനങ്ങളുടേയും യന്ത്രങ്ങളുടേയും ഇലക്ട്രോണിക് ഭാഗങ്ങള്‍ തുടങ്ങിയവയെല്ലാം ഇ മാലിന്യങ്ങളില്‍പ്പെടും.
ഗുരുതര പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന രാസവസ്തുക്കളാണ് ഇ മാലിന്യങ്ങളില്‍ അടങ്ങിയിരിക്കുന്നത്. ഇവ ജലത്തിലും മണ്ണിലുമൊക്കെ കലരുന്നതും വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പ്രളയശേഷം ഉപയോഗശൂന്യമായ മാലിന്യങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്ക് പോലും ഭീഷണിയായിരുന്നു.