കൊച്ചി: കൊച്ചിയിൽ കഴിഞ്ഞ ഡിസംബറിൽ ഇറക്കിയ എണ്ണായിരത്തിലധികം യൂസ്ഡ് മൾട്ടിഫംഗ്ഷൻ കോപ്പിയർ മെഷീനുകൾ ഇ വേസ്റ്റ് അല്ലെന്ന് ഇറക്കുമതിക്കന്പനികൾ. ഉപയോഗിക്കാൻ കഴിയുന്ന അഞ്ചു വർഷം വരെ ആയുസുള്ള ഉപകരണങ്ങളാണ് ഇവിടെ എത്തിച്ചത്. എന്നാൽ ഇവ ഇലക്ട്രോണിക് മാലിന്യങ്ങളാണെന്ന രീതിയിലാണു വാർത്തകൾ വരുന്നതെന്നും കോൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന കന്പനിയുടെ ഉടമകൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ 125 കണ്ടെയ്നറുകളിലായി എണ്ണായിരത്തിലധികം കോപ്പിയർമെഷീനുകളാണു കൊച്ചിയിൽ ഇറക്കിയത്. കസ്റ്റംസ് പിടിച്ചെടുത്ത ഇവ ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. ഇതോടെ ഒന്പതു മാസത്തിലേറെയായി ഉപകരണങ്ങൾ വിൽപന നടത്താനോ തിരികെ കൊണ്ടുപോകാനോ കഴിയാതെ കൊച്ചി തുറമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്. കോൽക്കത്തയിലെ ആറു കന്പനികൾ ചേർന്നാണ് ഉപകരണങ്ങൽ കൊച്ചിയിൽ ഇറക്കിയത്.
ഇന്ത്യയിൽ മറ്റൊരു തുറമുഖത്തും ഇതിന്റെ ഇറക്കുമതിക്കു തടസമില്ലാത്തപ്പോഴാണു കൊച്ചിയിൽ ഇ മാലിന്യമാണെന്ന് പറഞ്ഞ് ഇവയുടെ വിതരണം തടഞ്ഞുവച്ചിരിക്കുന്നതെന്നു കന്പനി ഉടമകൾ പറയുന്നു. ഇന്ത്യയിൽ നിർമാണ യൂണിറ്റ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന കുത്തക കന്പനികളാകാം ഇത്തരം പ്രചാരണങ്ങൾക്കു പിന്നിലെന്നും ഇവർ ആരോപിച്ചു.
പുതിയ കോപ്പിയർ മെഷീന് 15 ലക്ഷത്തിനു മുകളിൽ വില വരുന്പോൾ വിദേശത്തു രണ്ടു വർഷം മാത്രം ഉപയോഗിച്ചിട്ടുള്ള മെഷീനുകൾ 75000 മുതൽ ഒരു ലക്ഷം വരെ വിലയിലാണ് ഇന്ത്യയിൽ എത്തിച്ച് വിൽക്കുന്നത്. ഇതുകൊണ്ടാണ് 50 പൈസയ്ക്ക് ഫോട്ടോകോപ്പി എടുക്കാനുള്ള സാഹചര്യമുള്ളത്. ഉപയോഗിച്ച മെഷീനുകളുടെ ഇറക്കുമതി നിരോധിച്ചാൽ കോപ്പിയുടെ വില അഞ്ചു രൂപയിലേക്ക് ഉയരുമെന്നും കന്പനി ഉടമകളായ പി. ലക്ഷ്മിനാരായണ് റാവു, പ്രകാശ് പാട്ടേൽ, എസ്.പി. സിംഗ്, സീതാറാം ജുൻജുംഗ് വാല, ബിപിൻ നൂർ തുടങ്ങിയവർ പറഞ്ഞു.
കൊച്ചിയിൽ പിടിച്ചുവച്ച യൂസ്ഡ് കോപ്പിയർ മെഷീനുകൾ വിതരണക്കാർക്കു കൈമാറണമെന്നു ബംഗളൂരുവിലെ കസ്റ്റംസ് ട്രൈബ്യൂണലിന്റെ ഉത്തരവു വന്നെങ്കിലും ഉപകരണങ്ങൾ വിട്ടുകൊടുക്കാൻ പാടില്ലെന്നു കാട്ടി മലിനീകരണ നിയന്ത്രണ ബോർഡ് രംഗത്തെത്തുകയായിരുന്നു.
ഉപയോഗിച്ച സാധനങ്ങൾ രണ്ടാം വിൽപനയ്ക്കു രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിനു 2016ലെ നിയമം അനുശാസിക്കുന്ന സെൻട്രൽ പൊല്യൂഷൻ കണ്ട്രോൾ ബോർഡിന്റെ സർട്ടിഫിക്കേഷൻ കന്പനികൾക്ക് ഇല്ലെന്നു കാട്ടിയാണു പൊല്യൂഷൻ കണ്ട്രോൾ ബോർഡ് തടസം ഉന്നയിച്ചത്.