കോട്ടയം: ജില്ലയിലെ സർക്കാർ ഓഫീസുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉപയോഗയോഗ്യമല്ലാത്ത ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ചു. 10 ടണ്‍ ഇലക്ട്രോണിക് മാലിന്യങ്ങളാണ് ശേഖരിച്ചത്. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കേരള കന്പനിയാണ് ശേഖരിച്ചത്.
കോട്ടയം കളക്ടറേറ്റ്, ഈരാറ്റുപേട്ട ബ്ലോക്ക്, ഉഴവൂർ ബ്ലോക്ക് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മാലിന്യ ശേഖരണം. കളക്ടറേറ്റിലെ എല്ലാ ഓഫീസുകളിൽ നിന്നും ഇ-മാലിന്യങ്ങൾ നീക്കം ചെയ്തു. താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ, നഗരസഭ കാര്യാലയങ്ങൾ, പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിച്ചു.
കംപ്യൂട്ടറുകൾ, സ്ലൈഡ് പ്രോജക്ടുകൾ, പഴയ മോട്ടോറുകൾ, ബാറ്ററികൾ, ഫോട്ടോ കോപ്പി മെഷീൻ, മൈക്ക് സൈറ്റ്, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയായിരുന്നു കൂടുതലായി ഉണ്ടായിരുന്നത്. ശേഖരിച്ച മാലിന്യങ്ങൾ ക്ലീൻ കേരള കന്പനി ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള എർത്ത് സെൻസ് കന്പനിക്കാണ് നൽകുന്നത്.
ഉപയോഗ യോഗ്യമല്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം അല്ലെങ്കിൽ ബന്ധപ്പെട്ട യോഗ്യതയുള്ളവർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള മാലിന്യങ്ങളാണ് ശേഖരിച്ചിരിക്കുന്നത്.