കൊടകര: ലോകം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് ഇലക്ട്രോണിക് വേസ്റ്റിന്റെ പരിപാലനം. സാങ്കേതികത അനുദിനം വികസിക്കുന്ന ഇക്കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങളുടെ രൂപവും ഭാവവും മാറിക്കൊണ്ടിരിക്കുകയാണ്.ദിനംപ്രതി പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ മാറ്റി കൂടുതൽ കാര്യക്ഷമമായ പുതിയ ഉപകരണൾ മാർക്കറ്റിലെത്തും.
വർഷങ്ങൾ പഴക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറിലാകുന്പോൾ ഉപേക്ഷിക്കപ്പെടുന്നു. ഇപ്രകാരം ഇവേസ്റ്റ് ലോകത്ത് കുന്നുകൂടുകയാണ്.പ്ലാസ്റ്റിക് പോലെത്തന്നെ ഇ വേസ്റ്റും സംസ്കരിക്കാനോ നിർമാർജനം ചെയ്യാനോ ഇന്നു മാർഗമില്ല. ഇതിനു പരിഹാരവുമായി എത്തുകയാണ് സഹൃദയയിലെ വിദ്യാർഥി കൂട്ടും. കെട്ടിട നിർമാണ മേഖലയിൽ ഇവേസ്റ്റ് ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് കൊടകര സഹൃദയ കോളേജിലെ സിവിൽ വിദ്യാർഥികൾ കണ്ടെത്തിയിരിക്കുന്നത്.
വിവിധ വ്യവസായ സ്ഥാപനങ്ങളിൽനിന്നു ശേഖരിച്ച ഇവേസ്റ്റ് ആദ്യം തരം തിരിച്ചു. തുടർന്നു പരിസ്ഥിതിക്കും ജന്തു ജീവജാലങ്ങൾക്കും ഹാനികരമായ വസ്തുക്കൾ നീക്കം ചെയ്യുന്നു.ബാക്കി വരുന്ന ഇലക്ട്രോണിക് സാധനങ്ങൾ പൊടിച്ച് മെറ്റലിനോടൊപ്പം കോണ്ക്രീറ്റിംഗിന് ഉപയോഗിക്കുന്നു.
ഇവേസ്റ്റിലെ ചില്ല് പദാർത്ഥങ്ങൾ പൊടിച്ച് വൈറ്റ് സിമന്റുമായി ചേർത്ത് ഡെക്കറേറ്റീവ് ടൈലുകളും നിർമിക്കാനാകും.റോഡ് നിർമാണ മേഖലയിലെ വിവിധ ഘട്ടങ്ങളിലും ഇവേസ്റ്റ് ഉപയോഗിക്കാം.ഈ പ്രോജക്ടിന് കേരള സർക്കാരിന്റെ ഗ്രാന്റും സൃഷ്ടി പ്രോജക്ട് മത്സരത്തിൽ സമ്മാനവും ലഭിച്ചു.
സഹൃദയ എൻജിനീയറിംഗ്കോളേജിലെ അവസാന വർഷ സിവിൽ വിഭാഗം വിദ്യാർഥികളായ അഞ്ജിത അശോകൻ,കെ. ആതിര, ഡിൽന ജോർജ്, ഡോറിസ് ആർ. പീറ്റർ, കെ.എസ്. കാവ്യ എന്നിവരാണ് ഈ പ്രോജക്ട് തയാറാക്കിയത്.സിവിൽ വിഭാഗം മേധാവി പ്രഫ. സി.പി. സണ്ണി, പ്രഫ. എം.എസ്. ഐശ്വര്യ എന്നിവരുടെ മേൽനോട്ടത്തിലാണ് വിദ്യാർഥികൾ പ്രോജക്ട് തയാറാക്കിയത്