ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി)യുടെ ഭാഗമായ ഇലക്ട്രോണിക് വേ ബിൽ ഒടുവിൽ പ്രവർത്തനക്ഷമമായി. സംസ്ഥാനാന്തര വ്യാപാരത്തിനുള്ളതാണ് പ്രാവർത്തികമാക്കിയത്. രണ്ടുദിവസവും പ്രശ്നങ്ങൾ ഉണ്ടായില്ലെന്നു കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.ഒന്നാംതീയതി 2.59 ലക്ഷം ഇ-വേബില്ലുകളാണ് ജിഎസ്ടി നെറ്റ്വർക്കിൽ നിന്നു തയാറാക്കിയത്. ഇന്നലെ ഉച്ചവരെ 2.05 ലക്ഷം ഇ-വേബില്ലുകൾ നൽകി.
ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്ന ഉത്പന്നങ്ങൾക്കാണ് ഇപ്പോൾ ഇ-വേബിൽ നിർബന്ധമാക്കിയിട്ടുള്ളത്. സംസ്ഥാനത്തിനുള്ളിലെ ഇടപാടുകൾക്ക് രണ്ടുമാസത്തിനകം ഇ-വേബിൽ നിർബന്ധമാകും.
അൻപതിനായിരം രൂപയിൽ കൂടുതൽ വിലയുള്ളതും പത്തുകിലോമീറ്ററിലേറെ ദൂരത്തേക്ക് കൊണ്ടുപോകുന്നതുമായ ഉത്പന്നങ്ങൾക്കാണ് ഇതു വേണ്ടത്. വാഹനനന്പരും റൂട്ടും സഞ്ചരിക്കാൻ വേണ്ട സമയവുമൊക്കെ രേഖപ്പെടുത്തി ബിൽ ചെക്ക്പോസ്റ്റുകളിൽ കാണിക്കണം.
ഇ-വേബിൽ സംവിധാനം ശരിയാക്കാതെ ജിഎസ്ടി നടപ്പാക്കിയത് വലിയ തോതിൽ നികുതിവെട്ടിപ്പിന് വഴിതെളിച്ചെന്നാണ് കരുതപ്പെടുന്നത്. ഫെബ്രുവരി ഒന്നിന് ഇതു നടപ്പാക്കാൻ തുനിഞ്ഞെങ്കിലും നെറ്റ്വർക്ക് സെർവറിനു താങ്ങാവുന്നതിലധികമായിരുന്നു അപേക്ഷ.
ജിഎസ്ടിയിൽ 1.05 കോടി പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 70 ലക്ഷത്തോളം പേർ പ്രതിമാസ റിട്ടേൺ നൽകുന്നു. 11.19 ലക്ഷം പേരാണ് ഇ-വേബില്ലിനു വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളത്.