ചങ്ങനാശേരി: ചങ്ങനാശേരി മാർക്കറ്റിനടുത്തുള്ള വട്ടപ്പള്ളിയിലെ മേക്കര എഗ് മാർട്ടിൽ നിന്നും രണ്ടു പ്രാവശ്യമായി 22,000 മുട്ട മോഷണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം നീളുന്നു. പ്രതികളെക്കുറിച്ചു സൂചനയില്ല.
കഴിഞ്ഞ മൂന്നിനു പകലും പത്തിനു രാത്രിയിലുമാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്നിനു രാവിലെയാണ് കടയിൽ ആദ്യം മോഷണം നടന്നത്.
250 ഡ്രേകളിലെ 7500 മുട്ടയാണ് അന്ന് മോഷണം പോയത്. പോലീസിൽ അന്ന് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. പിന്നിട് 10നു രാത്രി 500ഡ്രേകളിൽ സൂക്ഷിച്ചിരുന്ന 15,000മുട്ടയാണ് മോഷണം പോയത്.
ഒരുമാസം മുന്പ് മാർക്കറ്റിലെ ഇറച്ചിക്കടയ്ക്കു സമീപം കെട്ടിയിരുന്ന പോത്തിനെ മോഷ്ടിച്ച സംഭവവും നടന്നിരുന്നു. കോവിഡ്, വെള്ളപ്പൊക്ക ഡ്യൂട്ടികളിലേക്ക് പോലീസ് ശ്രദ്ധപതിപ്പിച്ചതോടെയാണ് മോഷ്ടാക്കൾ രംഗത്തെത്തിയത്.
മോഷ്ടാക്കളെ അമർച്ച ചെയ്ത വ്യാപാര സ്ഥാപനങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്താൻ ചങ്ങനാശേരി പോലീസ് കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.