കോട്ടയം: കോഴിയിറച്ചിക്കു പിന്നാലെ കോഴിമുട്ട വിലയും കുതിക്കുന്നു. തമിഴ്നാട്ടില്‍ നിന്നെത്തുന്ന കോഴിമുട്ടയുടെ വില ആറൂ രൂപയില്‍നിന്ന് ഏഴു രൂപയിലേക്ക് എത്തി. നാടന്‍ കോഴിമുട്ടയുടെ വില ഏഴു രൂപയില്‍ ഒമ്പതു രൂപ വരെയായി.
തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നുമാണ് ജില്ലയില്‍ കോഴിമുട്ട കൂടുതലായി എത്തുന്നത്. കഴിഞ്ഞയാഴ്ച വരെ ആറു രൂപയ്ക്കു വിറ്റിരുന്ന മുട്ടയ്ക്കാണ് ഇപ്പോള്‍ വില ഉയര്‍ന്നിരിക്കുന്നത്. വരവുകുറഞ്ഞും ഡിമാൻഡ് കൂടിയതും നാടന്‍ മുട്ടയുടെ കുറവും വില വര്‍ധനവിനു കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു.
നാടന്‍ കോഴിമുട്ടയ്ക്കു വിപണിയില്‍ ദൗര്‍ലഭ്യമുണ്ട്. ചുരുക്കം കര്‍ഷകര്‍ മാത്രമാണ് ജില്ലയില്‍ വലിയ തോതില്‍ മുട്ടക്കോഴികളെ വളര്‍ത്തുന്നത്. വീടുകളില്‍ ചെറു കൂടുകളില്‍ വളര്‍ത്തുന്നവരാണ് ഏറെയും. തീറ്റ വിലയിലെ വര്‍ധനയാണ് ഇവര്‍ക്കു തിരിച്ചടി.
ഒരു കിലോ തീറ്റയുടെ വില 30 കടന്നതു മുതല്‍ നഷ്ടമാണെന്നു കര്‍ഷകര്‍ പറയുന്നു. ഓരോ മാസവും തീറ്റ വില വര്‍ധിക്കുകയാണ്. ഇതിനിടയില്‍ നാടന്‍ കോഴി മുട്ടയെന്ന പേരില്‍ തോടിനു നിറവ്യത്യാസമുള്ള മുട്ടകള്‍ വ്യാപകമായി വില കൂട്ടി വില്‍ക്കുന്നുണ്ട്.
സ്കൂളുകളിലും അംഗന്‍വാടികളിലും മുട്ട വിതരണമുള്ളത് ഡിമാൻഡ് വര്‍ധിക്കാന്‍ കാരണമായി.ഒരു കിലോ ഇറച്ചിക്കോഴിയുടെ വില 150 രൂപ വരെയായി.
രണ്ടു മാസം മുമ്പ് 160 രൂപ വരെയെത്തിയെങ്കിലും പിന്നീട് 120 രൂപയിലേക്കു താഴ്ന്നിരുന്നു. വരവു കുറഞ്ഞതാണു വില വര്‍ധനവിനു കാരണമായി വ്യാപാരികള്‍ പറയുന്നത്. മുട്ടയുടെയും ഇറച്ചിയുടെയും വില വര്‍ധനവ് ഹോട്ടലുകള്‍, തട്ടുകടക്കാര് എന്നിവര്‍ക്കു തിരിച്ചടിയാകും.