വണ്ടിത്താവളം: അഴുക്കുചാലിൽ കാക്കകൾ കൊത്തി തലയ്ക്ക് മുറിവേറ്റു കിടന്ന പരുന്തിന് അയ്യപ്പൻകാവ് സ്വദേശികളായ അബ്ബാസും രാജനും രക്ഷകരായി.
ഇന്നലെരാവിലെയാണ് അബ്ബാസിന്റെ വർക്ക് ഷോപ്പിനു സമീപത്ത് അഴുക്കുചാലിൽ വീണുകിടക്കുന്ന നിലയിൽ പരുന്തിനെ കണ്ടെത്തിയത്.
തുടർന്നു പരുന്തിനെ പുറത്തെടുത്ത് കുടിവെള്ളം നല്കി ദേഹശുദ്ധി വരുത്തി തലയിൽ മുറിവേറ്റ സ്ഥലത്ത് മഞ്ഞൾ പൊടി പുരട്ടി.
പറക്കാൻ ഇടയ്ക്കിടെ ശ്രമിക്കുന്നുണ്ടെങ്കിലും തലയിലേറ്റ മുറിവുമൂലം കഴിഞ്ഞില്ല. പിന്നീട് അബ്ബാസും സുഹൃത്ത് രാജനും ചേർന്ന് കൊല്ലങ്കോട് വനംവകുപ്പ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാർക്ക് പരുന്തിനെ കൈമാറി. പരുന്തിനെ വെറ്റിനറി ഡോക്ടറെ കാട്ടി ചികിത്സ് നല്കുമെന്ന് ഫോറസ്റ്റ് ഓഫീസർ സൂര്യപ്രകാശ് പറഞ്ഞു.