പാലക്കാട്: ചിറകൊടിഞ്ഞുവീണ പരുന്തിനു പരിസ്ഥിതി-വനം ജീവനക്കാരുടെ സ്നേഹത്തണലിൽ ശുശ്രൂഷയും സുരക്ഷിതത്വവും. കഴിഞ്ഞദിവസം പെരുവെന്പ് മന്നത്തുകാവ് ജംഗ്ഷനുസമീപത്തുനിന്നാണ് അവശനിലയിലായിരുന്ന പരുന്തിനെ ജീവനക്കാർക്കു ലഭിച്ചത്. പരിസ്ഥിതിക്കുനേരെ മാത്രമല്ല, ജീവജാലങ്ങളോടുമുള്ള മനുഷ്യന്റെ ക്രൂരതയാണ് പരുന്തിനെ ആ അവസ്ഥയിലേക്ക് എത്തിച്ചത്.
സമീപത്തെ മരക്കൊന്പിലിരിക്കുകയായിരുന്ന പരുന്തിനെ ആരോ കല്ലെടുത്ത് എറിഞ്ഞതാണ്. ചിറകിലാണ് ഏറുകൊണ്ടത്. താഴെവീണ പരുന്ത് പറക്കാനാകാതെ ഒരുദിവസംമുഴുവൻ മരത്തിനുകീഴെ കുറ്റിക്കാട്ടിൽ കിടന്നു. വഴിയാത്രക്കാരിലൊരാളാണ് വിവരം പരിസ്ഥിതി പ്രവർത്തകനായ ശ്യാംകുമാർ തേങ്കുറിശിയെ അറിയിക്കുന്നത്.
അദ്ദേഹം സ്ഥലത്തെത്തി നോക്കിയെങ്കിലും പരുന്തിനെ കണ്ടെത്തിയില്ല. പിറ്റേദിവസം വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൈസൈറ്റി ഓഫ് ഇന്ത്യയുടെ ഓഫീസർ ഗുരുവായൂരപ്പനേയും കൂട്ടി ഇരുവരും വിശദമായ തെരച്ചിൽ നടത്തി. അപ്പോഴാണ് സമീപത്തെ വെള്ളമില്ലാത്ത കുളത്തിനരികെനിന്നും അവശനായ പരുന്തിനെ കണ്ടെത്തിയത്. തുടർന്ന് വിവരം റാപ്പിഡ് റെസ്പോണ്സ് ടീമിനെ അറിയിച്ചു.
റിസർവ് ഫോറസ്റ്റ് വാച്ചർ രഞ്ജിത്കുമാറിന്റെ നേതൃത്വത്തിലുള്ള ടീം സ്ഥലത്തെത്തി പരുന്തിനെ ഏറ്റുവാങ്ങി. പരിക്കേറ്റ പരുന്തിനെ ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് ചികിത്സയും നൽകി. മുറിവ് സാരമുള്ളതല്ലെന്നും മൂന്നുദിവസത്തെ നിരീക്ഷണത്തിനുശേഷം പരുന്തിനു പറക്കാൻ കഴിയുമെന്നും ഡോക്ടർ അറിയിച്ചു. പരുന്തിനെ പിന്നീട് മലന്പുഴ സ്നേക്ക് പാർക്കിലേക്കു മാറ്റി. മുറിവുണങ്ങുന്പോൾ പരുന്തിനെ തുറന്നുവിടുമെന്നും ആർആർടി വിഭാഗം അറിയിച്ചു.