മാവേലിക്കര : ഒരുപരുന്ത് കണ്ണമംഗലം ഗ്രാമവാസികളെയാകെ ഭയപ്പാടിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസക്കാലമായി പ്രദേശത്ത് വിഹരിക്കുന്ന പരുന്ത് ഒരുമാസക്കാലമായി ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നതായി നാട്ടികാര് പറയുന്നു.
പത്തോളം പേര്‍ക്കാണ് പരുന്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുള്ളത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണമംഗലം അനുഗ്രഹയില്‍ റോസമ്മ(44), തേവലപ്പുറത്ത് ശോഭ(32) മകന് അഭിന്‍ (11), തേവലപ്പുറത്ത് ജൈനു (26), അനുഗ്രഹയില്‍ കോളശേരില്‍ അയാന് (മൂന്ന്), ആക്കോട്ട് ശ്രീധരന് (80) എന്നിവരെയാണ് പരുന്ത് ആക്രമിച്ചത്. എല്ലാവർക്കും സാരമായ പരിക്കും ഏറ്റിട്ടുണ്ട്. മുഖത്തും തലയിലും കൈ വിരലുകളിലുമായാണ് ഇവരെ പരുന്ത് പ്രധാനമായും ആക്രമിച്ചിട്ടുള്ളത്.
പലരും പരുന്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷ പ്പെട്ടത് തന്നെ തലനാരിഴയ്ക്കാണെന്നും നാട്ടുകാര്‍ പറയുന്നു. കണ്ണമംഗലം ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള ചെട്ടികുളങ്ങര പഞ്ചായത്തിന്റെ 16, 17 വാര്‍ഡുകളിലുള്ളവരുടെ സ്വൈര്യജീവിതത്തിലാണ് പരുന്ത് വില്ലനായിരിക്കുന്നത്. പരുന്തിനെ ഇവിടെ നിന്ന് മാറ്റാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ശോഭ രാജന് ആവശ്യപ്പെട്ടു.