എടത്വ: റോഡിലിറങ്ങിയാല്‍ തെരുവുനായ കടിക്കും, തോട്ടിലിറങ്ങിയാല്‍ നീര്‍നായയും. പൊറുതിമുട്ടിയിരിക്കുകയാണ് തലവടിയിലെ ജനങ്ങള്‍.
തലവടി, കുന്തിരിക്കല്‍ പ്രദേശങ്ങളിലാണ് ജനങ്ങൾക്കു ഭീഷണിയായി തെരുവു നായ്ക്കളും തോടുകളില്‍ നീർനായ്ക്കളും പെരുകിയിരിക്കുന്നത്. തലവടി, കുന്തിരിക്കല്‍ ഭാഗങ്ങളിലാണ് തെരുവു നായ്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്.
റോഡുകളിലും പുരയിടങ്ങളിലും കൂട്ടംകൂട്ടമായി ചുറ്റിയടിക്കുന്ന തെരുവുനായ്ക്കളാണ് പ്രദേശത്തു ഭീഷണി ഉയർത്തുന്നത്. ഇരുപതിലേറെ നായ്ക്കളാണ് പ്രദേശത്തു ചുറ്റിത്തിരിയുന്നത്.
കുട്ടികൾ തനിയെ സഞ്ചരിക്കാൻ പോലും ഭയക്കുകയാണ്. കൂട്ടമായിയെത്തുന്ന നായ്ക്കള്‍ ഇരുചക്ര വാഹന യാത്രികർക്കും അപകടഭീഷണിയാണ്.
നായകളുടെ താവളം
സിഎംഎസ് ഹൈസ്കൂള്‍, സിഎസ്ഐ പള്ളി, പുതുപ്പറമ്പ് ദേവീക്ഷേത്രം, അങ്കണവാടികള്‍ എന്നീ സ്ഥലങ്ങളിലേക്കു പോകുന്ന പ്രധാന റോഡില്‍ നായ്ക്കള്‍ കൂട്ടംകൂട്ടമായി നിരന്നു കിടക്കുകയാണ്.
പുലര്‍ച്ചെ ക്ഷേത്രങ്ങളിലും പള്ളിയിലും പോകുന്ന വിശ്വാസികള്‍, പ്രഭാത സവാരിക്കാർ, പത്രവിതരണക്കാര്‍, സ്കൂള്‍ കുട്ടികള്‍ എന്നിവര്‍ക്കാണ് ഏറ്റവും ഭീഷണിയുള്ളത്. പൊതുജനം വലഞ്ഞിട്ടും പഞ്ചായത്ത് വേണ്ട നടപടി സ്വീകരിച്ചിട്ടില്ല. കൊട്ടിഘോഷിച്ചു തുടങ്ങിയ നായ്ക്കളുടെ വന്ധ്യംകരണം ശസ്ത്രക്രിയയും നിലച്ചമട്ടാണ്.
അതിനിടെ, ശരിയായ രീതിയിൽ ശസ്ത്രക്രിയ നടത്താത്തതിനാൽ വന്ധ്യംകരിച്ച നായ്ക്കളും തെരുവോരങ്ങളില്‍ പെറ്റു പെരുകുകയാണെന്നും പരാതിയുണ്ട്.
വലിച്ചെറിയുന്ന അറവു മാലിന്യങ്ങള്‍ ഭക്ഷിച്ചു കഴിയുന്ന നായ്ക്കള്‍ ഭക്ഷണം തേടി വീടുകളിലേക്കും എത്തിത്തുടങ്ങി.
രാത്രികാലങ്ങളില്‍ വീടുകളുടെ സിറ്റൗട്ട്, കാര്‍പോര്‍ച്ച് എന്നിവിടങ്ങിളില്‍ നായ്ക്കള്‍ കൂട്ടമായി തന്പടിക്കുന്നതായും നാട്ടുകാർ പറയുന്നു.
നീർനായ ഭീഷണിയും
കരയിൽ തെരുവു നായകള്‍ ഭീഷണി സൃഷ്ടിക്കുമ്പോള്‍ തോടുകളില്‍ നീര്‍നായയുടെ ശല്യമാണ് രൂക്ഷമായിരിക്കുന്നത്. തോടുകളില്‍ അലക്കാനും കുളിക്കാനും മീന്‍പിടിക്കാനും ഇറങ്ങുന്നവരെയാണ് നീര്‍നായ ഉപദ്രവിക്കുന്നത്.
നിരവധി ആളുകള്‍ക്കു കടിയേറ്റിട്ടുണ്ട്. നീര്‍നായയുടെ ഉപദ്രവം കൂടിയതോടെ തോടുകളിൽ ഇറങ്ങാൻ തന്നെ ആളുകൾ മടിക്കുകയാണ്.
രാത്രിയില്‍ കരയ്ക്കു കയറുന്ന നീര്‍നായ കോഴി, താറാവ് എന്നിവയെ കൊന്നു തിന്നുന്നതായും നാട്ടുകാർ പറയുന്നു. തെരുവു നായ്ക്കളുടെയും നീര്‍നായ്ക്കളുടെയും ശല്യം പരിഹരിക്കാന്‍ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.