പീരുമേട്: വഴികാട്ടി ചതിച്ചു, ടോറസ് വഴിയിൽ കുടുങ്ങി. ഒരുരാത്രി വണ്ടി ഉടമയ്ക്ക് 40,000 രൂപ നഷ്ടമായി. സംഭവം കെണിയായപ്പോൾ വഴികാട്ടി മുങ്ങി. ആന്ധ്രാപ്രദേശിൽനിന്നും അരിയുമായി എത്തിയ ടോറസ് ലോറി ഡ്രൈവറാണ് വഴിപോക്കനോട് വഴിചോദിച്ച് വഴിയിൽ കുടുങ്ങിയത്.
ഉപ്പുതറയിലെ മൊത്തവ്യാപാരിക്കായുള്ള അരിയുമായി എത്തിയതായിരുന്നു ലോറി. കുമളി കടന്ന് പഴയ പാന്പനാറിൽ എത്തിയപ്പോൾ വഴിയോരത്തുനിന്ന ആളോട് ഏലപ്പാറയ്ക്കുള്ള വഴി അന്വേഷിച്ചതാണ് കെണിയായത്. താനും അതേ വഴിക്കാണെന്നും എളുപ്പവഴി കാട്ടിത്തരാമെന്നും പറഞ്ഞ് അയാളും ലോറിയിൽ കയറി യാത്ര തുടരുകയായിരുന്നു.
കുട്ടിക്കാനം വഴിയുള്ള പ്രധാന പാതയ്ക്കുപകരം തേയില തോട്ടം വഴിയുള്ള ഇടുങ്ങിയ വഴിയാണ് ഇയാൾ നിർദേശിച്ചത്. റോഡിനെകുറിച്ച് ധാരണയില്ലാതെ ഡ്രൈവർ വാഹനമോടിച്ചുപോയി. കൊടും വളവോടുകൂടിയ കുത്തുകയറ്റത്തിൽ ലോറി നിന്നുപോയി. അരിയുടെ ഭാരം കാരണം പിന്നിലേക്ക് ഉരുണ്ട ലോറിയുടെ പിൻഭാഗം റോഡിലെ ടാറിംഗിൽ ഉടക്കിനിന്നു. ഇതോടെ ഇതിലെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.
പോലീസും അഗ്നിശമന സേനയും നാട്ടുകാരുമെത്തി ലോറി മാറ്റാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതിനിടെ വഴികാട്ടി മുങ്ങുകയും ചെയ്തു. അരി ലോറിയിൽനിന്നും മാറ്റിയ ശേഷംക്രെയിൻ സംവിധാനം ഉപയോഗിച്ചാണ് ലോറി മാറ്റിയത്. രണ്ടു ലോറികളിലായി അരി കയറ്റി വിട്ടതിനും ക്രെയിൻ സംവിധാനം ഉപയോഗിച്ചതിനും 40,000 രൂപ ചെലവായി.