കളമശേരി: ഗംഭീരമായ ഓണ വിളവെടുപ്പിന് പിന്നാലെ അടുത്ത ഓണത്തിന് 200 വാഴക്കുലകൾ ലക്ഷ്യമിട്ട് ഏലൂർ ഫയർഫോഴ്സ് കൃഷിയൊരുക്കത്തിൽ . പാതാളത്ത് പ്രവർത്തിക്കുന്ന ഏലൂർ ഫയർ സ്റ്റേഷൻ കോമ്പൗണ്ടിലാണ് ജൈവ കൃഷിയുടെ രണ്ടാം ഘട്ടം ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ചത്.
ഏത്ത, പൂവൻ, റോബസ്റ്റ,ഞാലി തുടങ്ങിയ ഇനങ്ങൾ അടങ്ങിയ 200 വാഴ വിത്തുകളാണ് ഇന്നലെ നട്ടത്. കൂടാതെ ഇടവിളയായി പച്ചക്കറികളും നടുന്നുണ്ട്. വാഴകൃഷിയുടെ ഉദ്ഘാടനം വിത്ത് നട്ടു കൊണ്ട് സ്റ്റേഷൻ ഓഫീസർ ജൂഡ് തദേവൂസ് നിർവഹിച്ചു. ഫയർസ്റ്റേഷനിലെ 26 ജീവനക്കാരാണ് അധ്വാനത്തിന് പിന്നിൽ.
നിലമൊരുക്കൽ, വിത്ത് തെരഞ്ഞെടുക്കൽ, ജൈവവളത്തിന്റെയും കീടനാശിനിയുടെയും ഉപയോഗം, മിത്ര കീടങ്ങളുടെ ഫലപ്രദമായ ഉപയോഗം, രോഗബാധ തടയൽ എന്നിവയെ ക്കുറിച്ച് ഏലൂർ കൃഷിഭവൻ ഓഫീസർ ബെൽസി രണ്ടു ദിവസം സ്റ്റേഷനിലെത്തി ജീവനക്കാർക്ക് ക്ലാസ് എടുത്തിരുന്നു.
ആദ്യഘട്ടത്തിൽ കപ്പ, വെണ്ട, വഴുതന, ചീര, ചേമ്പ്, മുളക്, നിത്യവഴുതന, പടവലം, പീച്ചിൽ, അച്ചിങ്ങ, ഇഞ്ചി, തക്കാളി, കോവൽ, തുടങ്ങിയവയാണ് കൃഷി ചെയ്യാൻ ആരംഭിച്ചത്. ഓണത്തിന് നല്ല വിളവും ലഭിച്ചിരുന്നു.
ഫയർ സ്റ്റേഷനോട് ചേർന്ന് സ്ഥാപിക്കാൻ നിശ്ചയിച്ചിരുന്ന സ്വിമ്മിംഗ് പൂൾ നിർമാണം നീണ്ടു പോയതിനെ തുടർന്നാണ് കൃഷി ആരംഭിക്കാൻ തീരുമാനമായത്. കൃഷി ഭൂമി ഒരുക്കാൻ സന്നദ്ധ സംഘടനകളുടെ സഹായവും സ്വീകരിച്ചിട്ടുണ്ടെന്ന് സ്റ്റേഷൻ ഓഫീസർ ജൂഡ് തദേവൂസ് അറിയിച്ചു.