കൊട്ടാരക്കര: വീടിന്റെയും വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും മതിലുകൾ ഇടിഞ്ഞു വീണു. ഭൂചലനമാണ് മതിലുകൾ ഇടിഞ്ഞു വീഴാൻ കാരണമെന്ന് ഉടമകളും നാട്ടുകാരും.
ചക്കുവരക്കൽ കോക്കാട് പരുത്തിയിൽ അനീസ് മൻസിലിൽ അനീസ് അൻസാറിന്റെയും തലച്ചിറ യൂനസ് പോളിടെക്നിക്കിന്റെയും മതിലുകളാണ് ഇടിഞ്ഞു വീണത്.
ഇന്നലെ രാത്രിയിലാണ് സംഭവം. വലിയ ശബ്ദത്തോടെയാണ് മതിലുകൾ ഇടിഞ്ഞു വീണത്. സമീപ പ്രദേശങ്ങളിൽ ഭൂചലനമുണ്ടായതായും പറയപ്പെടുന്നു. ഭൂചലനം രണ്ടു മിനിട്ടോളം നീണ്ടുനിന്നെന്നും നാട്ടുകാർ പറയുന്നു.
ഇതേ സമയം ശക്തമായ മഴയും പ്രദേശത്തുണ്ടായിരുന്നു. ഭൂചലനമുണ്ടായതായാണ് പ്രദേശവാസികൾ പറയുന്നതെന്ന് വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് സജയകുമാർ പറഞ്ഞു.
ബന്ധപ്പെട്ട വകുപ്പുകളെ വിവരമറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ തന്നെ ജില്ലാ കളക്ടറെ വിവരമറിയിച്ചിട്ടുണ്ട്.