തൊടുപുഴ: ഇടുക്കി ജില്ലയിലുണ്ടാകുന്ന ഭൂചലനങ്ങളുടെ പശ്ചാത്തലത്തില്‍ ഇവ സംബന്ധിച്ച് അടിയന്തര പഠനം നടത്താനും പുതിയ സീസ്മോ മീറ്ററുകള്‍ മൂന്നുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിനുമായുള്ള പഠനങ്ങള്‍ക്കായി ഡല്‍ഹി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ഇടുക്കിയിലെത്തി.
ഈ മാസം 25 വരെ ജില്ലയില്‍ സന്ദര്‍ശനം നടത്തും. ഭൂചലനങ്ങളുണ്ടായ നെടുങ്കണ്ടം, ചെറുതോണി, രാജകുമാരി, കട്ടപ്പന എന്നിവിടങ്ങളിലായിരിക്കും സംഘം സന്ദര്‍ശനം നടത്തുക.
ഇടുക്കി അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളും ഇവര്‍ സന്ദര്‍ശിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയില്‍ നിന്നുള്ള രണ്ട് ശാസ്ത്രജ്ഞരും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയില്‍ നിന്നുള്ള ഒരുശാസ്ത്രജ്ഞനുമാണ് സംഘത്തിലുള്ളത്.
ഇന്ന് ഉച്ച കഴിഞ്ഞ് സംഘാംഗങ്ങള്‍ ജില്ലാകളക്ടറുമായും കെഎസ്ഇബി ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. ഇടുക്കിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനങ്ങളെ പറ്റി പഠിക്കുന്നതിന് കേന്ദ്രസംഘത്തെ നിയോഗിക്കണമെന്ന് നേരത്തെ ഡീന്‍ കുര്യാക്കോസ് എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍തന്നെ സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്രമന്ത്രി ഹര്ഷവര്ധന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസംഘം ജില്ലയിലെത്തിയത്.