ചെറുതോണി: ഇടുക്കി പദ്ധതി പ്രദേശത്ത് വീണ്ടും ഭൂചലനം . തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടുക്കി ജലസംഭരണിയുടെ പദ്ധതി മേഖലയില്‍ മുഴക്കവും പ്രകമ്പനവുമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.
ഇടുക്കി ഡാം ടോപ്പ് നിവാസികളാണ് ഭൂചലനത്തില്‍ ഏറ്റവും അധികം ഭീതിയിലായിരിക്കുന്നത്. പാറക്കെട്ടുകള്‍ക്ക് മുകളില്‍ മണ്ണിന് ആഴം കുറഞ്ഞപ്രദേശമായതിനാല് ഭൂചലനത്തിന്റെ തീവ്രത ഇവിടെ കൂടുതലായി അനുഭവപ്പെടുന്നതാണ് ആശങ്കക്ക് കാരണമാകുന്നത്.
ഇന്ന് പുലര്‍ച്ചെ ആറിന് ശേഷം ഒന്നിലധികം തവണ ശക്തമായ മുഴക്കവും പ്രകമ്പനവുമുണ്ടായതായി ഡാം ടോപ്പ് നിവാസികള്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.28ന് ഉണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയിരുന്നു.
ഇന്നലെ രാത്രി 7.22ന് 1.5 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായി. ഇന്ന് ചുലര്‍ച്ചെ ഉണ്ടായ ചലനത്തിന്റെ തീവ്രതയും പ്രഭവ കേന്ദ്രവും പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. മുമ്പു രണ്ടു ദിവസം നടന്ന ചലനത്തിന്റെ പ്രഭവ കേന്ദ്രം പത്താംമൈല്‍ കല്യാണത്തണ്ടാണെന്ന് കണ്ടെത്തിയിരുന്നു.
ആദ്യമായാണ് ഇവിടം ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമാകുന്നത്. ഇടുക്കി, ഡാം ടോപ്പ് മേഖലയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിരുന്നു.
തുടര്‍ച്ചയായി ഭൂചലനം ഉണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തരമായി ഭൗമസംഘം സ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തി ആശങ്കയകറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം.