സ്വന്തം ലേഖകൻ
തൃശൂർ: തൃശൂരിൽ ഇന്നലെ രാത്രി അനുഭവപ്പെട്ട ഭൂചലനം സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് അധികൃതർ. ഒരു സെക്കന്റ് മാത്രം ദൈർഘ്യമുണ്ടായിരുന്ന ഭൂചലനത്തിന്റെ തോത് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പ്രഭവകേന്ദ്രവും വ്യക്തമായിട്ടില്ല. എന്നാൽ ഭൂചലനത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ രാത്രി രാത്രി 11.13 ഓടെയാണ് ശബ്ദത്തോടെ ഒരു സെക്കൻഡ് ദൈർഘ്യത്തിൽ തൃശൂരിന്റെ പല ഭാഗത്തും ഭൂചലനം അനുഭവപ്പെട്ടത്. തൃശൂർ നഗരത്തിൽ പാട്ടുരായ്ക്കൽ, വിയ്യൂർ, ലാലൂർ, ചേറൂർ, ഒല്ലൂർ, പൂച്ചട്ടി, കണ്ണംകുളങ്ങര, കൂർക്കഞ്ചേരി, ചിയ്യാരം വിജയമാത പള്ളി, അമ്മാടം, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട്, പട്ടാളക്കുന്ന്, അയ്യന്തോൾ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു.
മഴ പെയ്യുന്നതിനാൽ ഇടിമുഴക്കത്തിന്റെ ഭാഗമാണെന്നായിരുന്നു പലരും ആദ്യം സംശയിച്ചത്. എന്നാൽ വീടിന്റെ വാതിലുകൾ ശബ്ദത്തോടെ ഇളകുകയും പാത്രങ്ങൾ മറിഞ്ഞു വീഴുകയും ചെയ്തതോടെയാണ് ഭൂചലനമാണെന്ന് ആളുകൾക്ക് മനസിലായത്. എന്നാൽ തുടർചലനങ്ങളൊന്നുമുണ്ടായില്ല.
തീരപ്രദേശങ്ങളിൽ ശക്തായ തിരമാല വേലിയേറ്റ സമയത്തുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളും ഇന്തോനേഷ്യയിൽ സുനാമിയും ഭൂചലനവും അനുഭവപ്പെടുന്നതും ജനങ്ങളിൽ ആശങ്കയുണർത്തിയിരുന്നു. പ്രളയംകഴിഞ്ഞ് ഉണ്ടായ ഭൂചലനത്തിൽ പലരും പരിഭ്രാന്തരാണെങ്കിലും പ്രളയശേഷം ഭൂചലനസാധ്യതകൾ കുറവാണെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം പ്രളയത്തിന്റെ തുടർച്ചയെന്നോണം ഭൂമിക്കടിയിലെ മണ്ണും ജലവും ഇളകി നീങ്ങാൻ സാധ്യതകളുണ്ടെന്നും എന്നാലത് ആശങ്കപ്പെടേണ്ടതല്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഇന്നലെ രാത്രി പക്ഷികൾ അസാധാരണമാം വിധം ചിലച്ചിരുന്നതായി വിയ്യൂർ കൊട്ടേക്കാട് മേഖലയിലുള്ളവർ പറയുന്നു. അടാട്ട് പഞ്ചായത്തിൽ ഗൃഹോപകരണങ്ങൾക്ക് നേരിയ ഇളക്കം അനുഭവപ്പെട്ടു.
മാർച്ച് 13 നും തൃശൂർ ജില്ലയിലെ വിയ്യൂരിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് ഉണ്ടായത്. വർഷത്തിൽ ഒന്നോ രണ്ടോ വട്ടം ലഘു ഭൂചലന സാധ്യത പ്രവചിക്കപ്പെടുന്ന മേഖലയാണ് വിയ്യൂരും പരിസര പ്രദേശങ്ങളും. നേരത്തെ ഫെബ്രുവരിയിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഇവിടെയുണ്ടായിരുന്നു.