കോതമംഗലം: ഒരു മാസത്തോളമായി വടാട്ടുപാറ പലവൻപടിയിൽ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് രണ്ടിനും നാലിനുമിടയിലുള്ള സമയത്ത് ഭൂമിക്കടിയിൽനിന്ന് വലിയൊരു മുഴക്കം കേൾക്കുന്നതായി നാട്ടുകാർ പറയുന്നു. ഭൂചലനത്തിന്റെ പ്രതീതിയല്ലെങ്കിലും എന്തോ ആപത്ത് വരുന്നു എന്നൊരു സന്ദേഹമാണ് നാട്ടുകാർക്ക്.
മുഴക്കമുണ്ടാകുന്ന സമയത്ത് ചെരുപ്പില്ലാതെ തറയിൽ നിന്ന കുട്ടിക്ക് ഷോക്കേൽക്കുന്നതുപോലെ അനുഭവപ്പെട്ടെന്നും നാട്ടുകാർ പറയുന്നു. ഈ ഭാഗത്തെ പല വീടുകളുടേയും ഭിത്തികളിൽ ചെറിയതോതിൽ വിള്ളലുണ്ടായിട്ടുണ്ട്. ഇതും ഭൗമാന്തരത്തിലെ മുഴക്കവും തമ്മിൽ ബന്ധമുണ്ടോയെന്ന സംശയവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
അധികൃതരുടെ ഇടപെടലിനായി നാട്ടുകാർ വില്ലേജ് ഓഫീസറെയും സമീപിച്ചിരുന്നു. ആശങ്ക പരിഹരിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ജിയോളജി വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തണമെന്നും ആവശ്യമുണ്ട്. ഇതിനായി അധികൃതരെ സമീപിക്കുമെന്ന് പൊതുപ്രവർത്തകനായ ജെയിംസ് കോറമ്പേൽ പറഞ്ഞു. ഇടമലയാർ ഡാമിന്റെ ഏറെ അകലെയല്ലാത്ത പ്രദേശമാണ് വടാട്ടുപാറ.
ഡാം പരിസരത്ത് ഭൂചലനമാപിനി ഇല്ലാത്തതിനാൽ നേരിയ തോതിലുള്ള ഭൂചലനം നടക്കുന്നുണ്ടോയെന്നതിലും വ്യക്തത വരുത്താനാകില്ല. ഭൂചലനാ സാധ്യത ഏറെയുള്ളതായി സ്ഥിരീകരിച്ചിട്ടുള്ള ഇടമലയാർ ഭ്രംശമേഖലയും വിദൂരത്തല്ല. വർഷങ്ങൾക്ക് മുമ്പ് ഉരുളൻതണ്ണിയിലും സമാപന സാഹചര്യമുണ്ടായിരുന്നു. ജിയോളജി വകുപ്പ് പഠനം നടത്തുകയും ചെയ്തിരുന്നു.