പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൂ, ഭൂമിയെ രക്ഷിക്കൂ എന്നതാണ് ഇത്തവണത്തെ ഭൗമദിന വിചാരം. പരിസ്ഥിതിക്കും മാനവരാശിയ്ക്കും തീരാശാപമായി മാറിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പരിഹാരം കണ്ടെത്താനും അതിനുവേണ്ടിയുള്ള അവബോധം സൃഷ്ടിക്കാനും അങ്ങനെ ഈ ഭൂമിയെ ഒരു മെച്ചപ്പെട്ട ഇടമാക്കി മാറ്റാനുമുള്ള കൂട്ടായപ്രവർത്തനത്തിലേക്കാണ് ഈ ദിനാചരണം ലക്ഷ്യം വയ്ക്കുന്നത്.
മണ്ണിൽ അഴുകാത്തതും സംസ്കരിക്കപ്പെടാത്തതുമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിയുടെ ഹരിതാഭയ്ക്കും ആവാസവ്യവസ്ഥയുടെ സുസ്ഥിതിക്കും കാലാവസ്ഥയ്ക്കും നേരെ ഉയർത്തുന്ന വെല്ലുവിളികൾ നിസാരങ്ങളല്ല. മനുഷ്യജീവിതത്തിന്റെ അടിമുടി വായുവിലും ജലത്തിലും ഭക്ഷണത്തിലും പാർപ്പിടത്തിലും നിത്യോപയോഗസാധനങ്ങളിലും പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. പരിസ്ഥിതിനാശത്തിനു കാരണമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ കണ്ടെത്തുക എന്നത് കാലഘട്ടം നേരിടുന്ന വെല്ലുവിളികൾക്കുള്ള പരിഹാരമാർഗം തന്നെയാണ്.
ബ്രഹ്മപുരത്തിലെയും ഗോഡൗണിലെയും പുക കെടാതെ എരിയുന്ന കേരളപശ്ചാത്തലത്തിൽ അതീവപ്രസക്തമാണ് ഈ ഭൗമദിന വിചാരം.
എന്തുകൊണ്ടാണ് ഇത്രയധികം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്ന ചോദ്യത്തിന് ഉത്തരം അതിന്റെ ഉത്പാദനത്തിലെ എളുപ്പവും ഭാരക്കുറവും താഴ്ന്ന വിലയും തന്നെയാണ് ഉത്തരം. ഇക്കാരണത്താലാണ് പ്ലാസ്റ്റിക് ഉപയോഗം അത്യധികമാവുകയും വലിച്ചെറിയപ്പെടുകയും അങ്ങനെ അത് പ്രകൃതിയെയും ആവാസവ്യവസ്ഥയെയും സാരമായി ബാധിക്കുകയും ചെയ്യുന്നത്.
പ്ലാസ്റ്റിക്കിന്റെ നിലവാരം ഉറപ്പുവരുത്തുന്നതിനും അതിന്റെ റീസൈക്ലിങ് നിജപ്പെടുത്തുന്നതിനും ആഗോളതലത്തിൽ രാജവ്യാപകമായി പദ്ധതികൾ കൈക്കൊള്ളപ്പെട്ടിട്ടുണ്ട്. എന്നാൽ അവയുടെ വർദ്ധിച്ച ഉപയോഗം അവയെ നേരിടാനുള്ള ആസൂത്രണങ്ങളെ മറികടക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
കണക്കുകൂട്ടലുകൾ അനുസരിച്ച് ആഗോളതലത്തിലെ പ്ലാസ്റ്റിക് ഉത്പാദനം മൂന്നിരട്ടിയാകും എന്നാണ് സൂചന.പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഏകദേശം പത്തു ശതമാനത്തോളം മാത്രമേ നിലവിൽ പുനചക്രമണം ചെയ്യപ്പെടുന്നുള്ളൂ. ബാക്കിവരുന്ന തൊണ്ണൂറു ശതമാനവും മാലിന്യങ്ങളായി തള്ളപ്പെടുകയും കുന്നുകൂട്ടപ്പെടുകയും ചെയ്യുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങളെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു? കൂട്ടിയിട്ടു കത്തിക്കുക എന്നതാണ് പൊതുവേ ചെയ്തുവരുന്ന ഒരു പരിഹാരമാർഗം. ശാസ്ത്രീയ രീതികളോ, സംവിധാനങ്ങളോ അവലംബിക്കാതെ ഇങ്ങനെ ചെയ്യുമ്പോൾ അതു പൂർണമായി കത്തി നശിക്കുന്നില്ല എന്നുമാത്രമല്ല രോഗകാരണങ്ങളായ ധാരാളം വിഷവസ്തുക്കൾ അത് അന്തരീക്ഷത്തിൽ പരത്തുകയും ചെയ്യുന്നുണ്ട്. കാർബൺ പ്രസരണം എത്രമാത്രമാണ് പരിസ്ഥിതിയെയും ആരോഗ്യത്തെയും ബാധിക്കുന്നത്.
മലിനീകരണനിർമാർജനത്തിന്റെ മറ്റൊരു രീതി പ്ലാസ്റ്റിക്കുകൾ കുഴിച്ചുമൂടുക എന്നതാണ്. വർഷങ്ങളോളം മണ്ണിൽ അഴുകാതെ കിടക്കുന്ന ഇവ ഭൂമിയുടെ സന്തുലിതാവസ്ഥയെ ഗൗരവമായി ബാധിക്കുന്നുണ്ട്. ജൈവപരിണാമങ്ങൾ തടയുന്നു, ജലസ്രോതസ്സുകൾക്ക് വിഘാതം സൃഷ്ടിക്കുന്നു, മണ്ണിരകൾക്കും മറ്റു സൂക്ഷ്മജീവികൾക്കുമുള്ള ഇടം ഇല്ലാതാവുകയും ചെയ്യുന്നു.
ഭക്ഷണസാധനങ്ങൾ നിറഞ്ഞ കൂടുകളും പാക്കറ്റുകളും മൃഗങ്ങളും പക്ഷികളും ഭക്ഷണമാക്കുകയും അങ്ങനെ അവയുടെ ജീവനെയും നിലനിൽപ്പിനെയും അതു സാരമായി ബാധിക്കുകയും ചെയ്യുന്നു. ഫ്ളക്സുകളും കട്ടൗട്ടുകളും വ്യാപകമായി ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും കുറവല്ല.
നദികളിലേക്കും പുഴകളിലേക്കും പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുക എന്നതാണ് മറ്റൊരു എളുപ്പമാർഗം. ഓരോ മിനിറ്റിലും ഒരു മാലിന്യട്രക്കിനു തുല്യമായ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സമുദ്രത്തിലേക്ക് വലിച്ചെറിയുന്നു എന്നതാണ് കണക്ക്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ജലാശയത്തെ മലിനമാക്കുകയും നീരൊഴുക്ക് തടസ്സപ്പെടുത്തുകയും അവയിലെ ജീവജാലങ്ങൾക്ക് ഭീഷണിയായി മാറുകയും ചെയ്യുന്നുണ്ട്.
2021 സെപ്റ്റംബർ 30 മുതൽ 75 മൈക്രോണിൽ താഴെ കനമുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളുടെയും 2021 ഡിസംബർ 31 മുതൽ 121 മൈക്രോണിൽ താഴെയുള്ള ക്യാരിബാഗുകളുടെയും നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ 2021 ലെ പ്ലാസ്റ്റിക് മാലിന്യസംസ്കരണ നിയമം വഴി നിരോധിച്ചിട്ടുണ്ട്.
2022ലെ പ്ലാസ്റ്റിക് മാലിന്യസംസ്കരണ ഭേദഗതി ചട്ടങ്ങൾ അനുസരിച്ച് പ്ലാസ്റ്റിക് പാക്കേജിംഗുമായി ഉത്പാദകരുടെ ഉത്തരവാദിത്വത്തെ കുറിച്ചുള്ള മാർഗനിർദ്ദേശങ്ങൾ കേന്ദ്ര പരിസ്ഥിതി,വന, കാലാവസ്ഥവ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. 2022 ജൂലൈ മുതൽ തിരഞ്ഞെടുത്ത പ്ലാസ്റ്റിക് ഇനങ്ങളുടെ നിരോധനവും നടപ്പിലാക്കുന്നതിന് ഭേദഗതി ചെയ്തിട്ടുണ്ട്.
നിയമം വഴി നിർത്തലാക്കിയിട്ടുണ്ടെങ്കിലും എത്രമാത്രം നടപ്പിലാക്കിയിട്ടുണ്ട് എന്നത് ചിന്തിക്കേണ്ടതാണ്. കുടുംബശ്രീ പോലുള്ള സംഘങ്ങൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിലും അവ ശാസ്ത്രീയമായി സംസ്കരിക്കപ്പെടുന്നുണ്ടോ, അതോ മറ്റൊരു മാലിന്യ കൂമ്പാരമാക്കി മാറ്റുകയാണോ ചെയ്യുന്നത് ?
പ്ലാസ്റ്റിക് ഉപയോഗിക്കാതെയുള്ള ജീവിതം ഇന്നു മനുഷ്യന് അചിന്തനീയമാണ്. അനുദിനജീവിതത്തിൽ എന്താണ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കു പകരം വയ്ക്കേണ്ടത് എന്നാണ് പഠിക്കേണ്ടതും പ്രായോഗികമാക്കേണ്ടതും. മനുഷ്യായുസിനും ആരോഗ്യത്തിനും അപകടം വരുത്താത്ത പ്രകൃതിദത്തവും പ്രകൃതിസൗഹൃദപരവുമായ ഇതര ഉൽപ്പന്നങ്ങൾ സംലഭ്യമാകുമ്പോഴാണ് യഥാർത്ഥ പ്ലാസ്റ്റിക് മാലിന്യനിർമാർജനം നടപ്പിലാക്കുന്നത്.ഗ്രീൻ പ്രോട്ടോക്കോൾ എന്നത് നമ്മുടെ നഗരങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമാകണം.
ഇന്ന് ഈ ഭൂമിയിൽ ജീവിക്കുന്ന നമ്മളും ഇതിൽ വസിക്കാനിരിക്കുന്ന തലമുറകളും പൊതുവായി ആസ്വദിക്കുന്നത് ഈ ഭൂമിയെ തന്നെയാണ്. അതിനാൽ തന്നെ ഇതിലെ ജീവിതവും ആവാസവ്യവസ്ഥയും സംരക്ഷിക്കപ്പെടണം. മണ്ണും ജലവും ഭക്ഷണവും പാർപ്പിടവുമെല്ലാം മലിനമാക്കപ്പെടാത്തതും മൃഗങ്ങളുടെയോ, മറ്റു ജീവികളുടെയോ ജീവിതത്തിനു ഹാനി വരുത്താത്തവിധം സംരക്ഷിക്കുന്നതുമായിരിക്കണം.പരിസ്ഥിതിയുടെ സംരക്ഷണം എന്നാൽ വ്യക്തിയുടെയും കുടുംബത്തിന്റെയും രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സംരക്ഷണം എന്നുതന്നെയാണ് അർഥം.
പരിസ്ഥിതിയും ജൈവവൈവിധ്യങ്ങളും മണ്ണും ജീവികളും സസ്യലതാതികളും കാലാവസ്ഥയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാൽ പരിപക്വമായി അവയെ സമീപിക്കാനും ആദരിക്കാനുമുള്ള പരിശീലനം പാഠ്യപദ്ധതികളിലും പ്രായോഗികതലത്തിലും പ്രാധാന്യത്തോടെ തന്നെ പരിഗണിക്കപ്പെടണം.
പരിസ്ഥിതിസംരക്ഷണം വാക്കിലോ, ദിനാചരണത്തിലോ ഒതുക്കാതെ ജീവിതശൈലിയാക്കി മാറ്റിക്കൊണ്ട് നമുക്കു മുന്നേറാം.
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്.