തൃശൂർ/പാലക്കാട്: തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മിക്കയിടത്തും ഏതാനും സെക്കൻഡിലധികം ഭൂചലനം നീണ്ടുനിന്നു.
തൃശൂർ ജില്ലയിൽ കുന്നംകുളം മേഖലയിലാണ് വ്യാപകമായ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, കക്കാട്, കേച്ചേരി, ചൊവ്വന്നൂർ, ഗുരുവായൂർ, എരുമപ്പെട്ടി, വെള്ളറക്കാട്, കൈപ്പറന്പ്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംകോട്, കടങ്ങോട് എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു.
കുന്നംകുളം മേഖലയിൽ മൂന്ന് സെക്കൻഡ് നീണ്ടുനിന്ന ഭൂമികുലുക്കം ഉണ്ടായത്. പലരും പരിഭ്രാന്തനായി വീടിന് പുറത്തേക്ക് ഓടിയ സംഭവം പോലും ഉണ്ടായി. തുടർച്ചലനം ഉണ്ടാകുമോ എന്ന് സംശയത്തിലായിരുന്നു ജനങ്ങൾ. മേഖലയിലെ ചില വീടുകളിൽ പാത്രങ്ങൾ താഴെ വീഴുകയും വളർത്തു മൃഗങ്ങൾ ഉറക്കെ കരയുകയും ചെയ്തിട്ടുണ്ട്. വീടുകൾക്ക് കേടുപാടുകളോ മറ്റോ രാവിലെ റിപ്പോർട്ട് ചെയ്തിട്ടില്ല. പെട്ടെന്ന് ഭൂമിക്കടിയിൽ നിന്ന് ഉയർന്ന മുഴക്കം ദൂരേക്ക് കുറഞ്ഞ കുറഞ്ഞു പോകുന്ന രീതിയിലായിരുന്നു.
രണ്ടുവർഷം മുൻപും ഇതിനെ സമ്മാനമായി രീതിയിൽ ഭൂമിക്കാടിയിൽ നിന്നും ശക്തമായ രീതിയിൽ മുഴക്കം ഉണ്ടായിട്ടുണ്ട്.ഗുരുവായൂർ മേഖലയിലും കോട്ടപ്പടി മേഖലയിലും ഏതാനും സെക്കൻഡുകൾ ഭൂമികുലുക്കം അനുഭവപ്പെട്ടു. ജനങ്ങൾ പരിഭ്രാന്തരായി വീടിന് പുറത്തേക്ക് ഇറങ്ങി. വീട്ടിൽ മേശയും കസേരകളും ഇളകുന്നതായി കണ്ടുവെന്ന് മമ്മിയൂർ ക്ഷേത്രത്തിന് പിൻവശം താമസിക്കുന്ന കൗൺസിലർ രേണു ശങ്കർ പറഞ്ഞു. കോട്ടപ്പടി ഭാഗത്ത് മുഴക്കത്തോടെ ഭൂമികുലക്കം അനുഭവപെട്ടതായി നാട്ടുകാർ പറഞ്ഞു.
വീടുകൾ കുലുങ്ങിയതോടെ ആളുകൾ പരിഭ്രാന്തരായി വീടുകൾക്കു പുറത്തേക്കോടി. പലയിടത്തും വീടിനകത്തെ പാത്രങ്ങളും മറ്റും നിലത്തുവീണു. വീടിനു പുറത്തുണ്ടായിരുന്നവർ ഭൂമിക്കടിയിൽ നിന്നും മുഴക്കം കേട്ടതായും കുലുക്കം അനുഭവപ്പെട്ടതായും പറഞ്ഞു. എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല.
പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാർഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എവിടെയാണെന്നും വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇവിടെയും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ടു ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 03 തീവ്രത രേഖപ്പെടുത്തി.
ഭൂചലനം അനുഭവപ്പെട്ട മേഖലകളിൽ ഉദ്യോഗസ്ഥ സംഘമെത്തി പരിശോധന നടത്താൻ ജില്ല ഭരണകൂടം നിർദ്ദേശം നൽകി. തഹസീൽദാർമാർ, ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ മേഖലകളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
സ്വന്തം ലേഖകൻകമാർ