വെള്ളരിക്കുണ്ട്: കാസര്‍ഗോഡ് ജില്ലയുടെ മലയോരമേഖലയായ വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ വ്യാപകഭൂചലനം. ഇന്നു പുലര്‍ച്ചെ 1.35നും 1.40 നും ഇടയിലാണ് ഭൂചലനമനുഭവപ്പെട്ടത്. ഇതോടെ ആളുകൾ വീട്ടില്‍നിന്നിറങ്ങിയോടി. കോടോം-ബേളൂര്‍ പഞ്ചായത്തിലെ നായ്ക്കയം, വെള്ളമുണ്ട, അട്ടേങ്ങാനം, ചക്കിട്ടടുക്കം, ഒടയംചാല്‍, തടിയംവളപ്പ്, ബളാല്‍ പഞ്ചായത്തിലെ മാലോം, വള്ളിക്കടവ്, ആനമഞ്ഞള്‍, പറമ്പ, വെള്ളരിക്കുണ്ട്, ബളാല്‍, പാലംകല്ല്, വെസ്റ്റ് എളേരി നര്‍ക്കിലക്കാട്, ഭീമനടി, ഓട്ടമല, ചീര്‍ക്കയം, കള്ളാറിലെ രാജപുരം, ചുള്ളിക്കര, കൊട്ടോടി, കിനാനൂര്‍-കരിന്തളത്തെ പരപ്പ, കാലിച്ചാമരം എന്നിവിടങ്ങളിലാണ് ഭൂചനം അനുഭവപ്പെട്ടത്.
ഇവിടങ്ങളില്‍ നാലഞ്ച് സെക്കൻഡ് അസാധാരണ മുഴക്കത്തോടെയുള്ള ശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചു. ഇടിമുഴങ്ങുന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വീട്ടിലെ പാത്രങ്ങളും അലമാരയും കട്ടിലും നേരിയതോതില്‍ കുലുങ്ങിയതോടെയാണ് ഭൂചലനമാണെന്ന് മനസിലായത്. ചിലയിടത്ത് മേശയില്‍നിന്നു മൊബൈല്‍ ഫോണ്‍ താഴെ വീണു.
ചുള്ളിക്കര കാഞ്ഞിരത്തടിയില്‍ പലരും വീട്ടില്‍നിന്നു പുറത്തേക്ക് ഇറങ്ങിയോടി. ഒടയംചാല്‍ കുന്നുംവയല്‍ ഉത്സവത്തിനു പോയി മടങ്ങിവരികയായിരുന്നവര്ക്കും ഭൂചലനം അനുഭവപ്പെട്ടു. ഈ പ്രദേശങ്ങളിലെ വളര്‍ത്തുമൃഗങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. പ്രഭവകേന്ദ്രം അറിവായിട്ടില്ലെന്നും സംഭവമുണ്ടായ ഉടന്‍തന്നെ കണ്ട്രോള് റൂമില്‍ വിളിച്ച് വിവരമറിയിച്ചതായും ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നും തഹസില്‍ദാര്‍ പി.വി. മുരളി അറിയിച്ചു.