സെബി മാളിയേക്കൽ
തൃശൂർ: ഉയിർപ്പുതിരുനാളിനോടനുബന്ധിച്ച് ഈസ്റ്റർ എഗ്ഗ് വിപണിയിലിറങ്ങി. മെസപ്പൊട്ടോമിയയിലാണ് ആദ്യം ഈസ്റ്റർ മുട്ടകൾ അവതരിപ്പിച്ചത്. കോഴിമുട്ടകളിൽ ചുവന്ന പെയിന്റടിച്ചായിരുന്നു തുടക്കം. കുറച്ചു വർഷങ്ങളായി നമ്മുടെ നാട്ടിലും പുറംതോടിൽ അലങ്കരിച്ച് “ഹാപ്പി ഈസ്റ്റർ’ എന്നെഴുതിയ മുട്ടകൾ ആഘോഷങ്ങളുടെ ഭാഗമാണ്.
കാലം മാറിയതോടെ ചോക്ലേറ്റ് ഈസ്റ്റർ എഗ്ഗുകൾ പുറത്തിറങ്ങി. കഴിഞ്ഞ 15 വർഷമായി കറുകുറ്റി ആസ്ഥാനമായുള്ള നവ്യ ബേക്കേഴ്സ് ഈസ്റ്റർ എഗ്ഗുകൾ വിപണിയിലെത്തിക്കുന്നു. “കഴിഞ്ഞ 15 വർഷമായി ഈസ്റ്റർ എഗ്ഗുകൾ നിർമിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലെ എക്സിബിഷനുകളിൽ പങ്കെടുത്തപ്പോൾ ലഭിച്ച അറിവുകളും അവിടുത്തെ സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് ഇംപോർട്ടഡ് മെഷീനുപയോഗിച്ചാണ് ഇവ ഉണ്ടാക്കുന്നത്.
ശുദ്ധമായ ബെൽജിയം ചോക്ലേറ്റ് ഉപയോഗിച്ചാണ് നിർമാണം’- നവ്യ ബേക്കേഴ്സിന്റെ മാനേജിംഗ് പാർട്ണർ ബിജു ജോസഫ് പറഞ്ഞു.
എഗ്ഗിന്റെ പുറംതോടും ഫില്ലിംഗ്സുമെല്ലാം ഭക്ഷ്യയോഗ്യമാണെന്നതാണ് ഇതിന്റെ പ്രത്യേകത. കടയിൽനിന്നു വാങ്ങിയാൽ അരമണിക്കൂറിനകം ഫ്രിഡ്ജിൽ വയ്ക്കണം. ഒരു ബാസ്കറ്റിൽ കോഴിമുട്ടയുടെ വലുപ്പത്തിലുള്ള ആറ് എഗ്ഗുകളാണ് ഉണ്ടാകുക.