ക്വീൻസ്ലാൻഡ്: കേക്ക് തീറ്റമത്സരത്തിനിടെ ശ്വാസംമുട്ടി ഓസ്ട്രേലിയയിൽ സ്ത്രീ മരിച്ചു. ഓസ്ട്രേലിയൻ ദിനാചരണത്തിന്റെ ഭാഗമായി ക്വീന്‍സ്ലാന്‍ഡിലെ ഹാര്‍വീ ബേ ബീച്ചിലെ ദ ബീച്ച് ഹൗസ് ഹോട്ടല്‍ സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്ത 60 വയസുകാരിയാണ് മരിച്ചത്.
തേങ്ങയും ചോക്ലേറ്റും കൊണ്ട് അലങ്കരിച്ച പരമ്പരാഗത സ്പോഞ്ച് കേക്ക് ലാമിംഗ്ടണ്സായിരുന്നു മത്സരാർത്ഥികൾക്ക് കഴിക്കാനായി നൽകിയത്.
മത്സരം പുരോഗമിക്കുന്നതിനിടയിൽ സ്ത്രീ ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. കേക്ക് കഴിക്കുന്നതിനിടെ അവർക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടർന്നു സംഘാടകര്‍ സ്ത്രീക്ക് വെള്ളം നൽകുകയും ചെയ്തു. പ്രാഥമിക ചികിത്സ നൽകി ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന നിഗമനത്തിലാണ് പോലീസ്. സ്ത്രീയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ദുരന്തത്തില്‍ ബീച്ച് ഹൗസ് ഹോട്ടല്‍ ഫേസ്ബുക്കിലൂടെ അനുശോചനം രേഖപ്പെടുത്തി. ദുഃഖത്തിൽ പങ്കുചേരുന്നതായും ഹോട്ടൽ അധികൃതർ പറഞ്ഞു.
ഓസ്ട്രേലിയയില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് തുടക്കം കുറിച്ച ദിവസമാണ് ഓസ്ട്രേലിയൻ ദിനമായി ആചരിക്കുന്നത്. 1994ലാണ് ജനുവരി 26 മുതലിലാണ് ദിനാചരണം തുടങ്ങിയത്. ദിനാചരണത്തില്‍ തീറ്റ മത്സരം പ്രമുഖ ഇനം തന്നെയാണ്. വമ്പൻ സമ്മാനങ്ങളാണ് മത്സരവിജയികൾക്ക് നൽകുക.