ഏറ്റുമാനൂർ: പേരൂരിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹത. കാർ സ്റ്റാർട്ടാക്കിയ ഉടനെ അമിത വേഗം കൈവരിച്ച് വഴിയാത്രക്കാരുടെ മേൽ പാഞ്ഞുകയറുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട കാർ സയന്റിഫിക് , ഫോറൻസിക് വിഭാഗം പരിശോധനക്ക് വിധേയമാക്കിയെങ്കിലും റിപ്പോർട്ട് കിട്ടിയില്ലെന്ന് ഏറ്റുമാനൂർ എസ്എച്ച് ഒ രീഷ്മ രമേശൻ പറഞ്ഞു.
മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നോ എന്നറിയുന്നതിന് കാർ ഓടിച്ചിരുന്നയാളുടെ രക്തം പരിശോധനക്കായി നല്കിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയില്ല. ഡ്രൈവറുടെ പരിക്കും സാരമുള്ളതിനാൽ വിശദമായി ചോദ്യം ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും എസ്എച്ച്ഒ വ്യക്തമാക്കി.
സയന്റിഫിക് പരിശോധനാ റിപ്പോർട്ട് ലഭിച്ചാലേ ദുരൂഹത സംബന്ധിച്ച വിവരം സ്ഥിരീകരിക്കാനാവു. വഴിയരികിലൂടെ നടന്നു വന്നവർക്കു നേരേയാണ് കാർ പാഞ്ഞു കയറിയത്. വീതിയുള്ള റോഡിൽ ഇതെങ്ങനെ സംഭവിച്ചുവെന്നും വ്യക്തമല്ല. മരിച്ച മൂവരുടെയും പിന്നിൽ നിന്നാണ് ഇടിച്ചിട്ടുള്ളത്. അതിനാൽ അവർക്ക് ഓടി മാറാൻ പോലും സാധിച്ചില്ല.
അപ്രതീക്ഷിതമായി പാഞ്ഞു കയറുകയായിരുന്നു കാർ. പേരൂർ കാവുംപാടം കോളനിയിൽ താമസിക്കുന്ന ആതിര വീട്ടിൽ ലെജി (46), മക്കളായ അന്നു (19), നൈനു (16) എന്നിവരാണ് മരിച്ചത്. സമീപത്തെ വീട്ടിൽ നിന്നിറങ്ങി ഒരു ചെറിയ ഇടവഴിയിലൂടെ നടന്ന് റോഡിലേക്ക് കയറിയ ഇവർ ബസ് സറ്റോപ്പ് ലക്ഷമാക്കി റോഡ് സൈഡിലൂടെ നടക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴി.
ഇതു ശരിയാണെങ്കിൽ അപകടത്തിൽ ദുരൂഹതയുണ്ടായേക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.