കോട്ടയം: പേരൂരിൽ അമ്മയും രണ്ടു മക്കളും കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന യുവാവ് ലഹരിയിലായിരുന്നോ എന്നു പരിശോധിക്കുന്നതിനായി ശേഖരിച്ച രക്തം ഇതുവരെ പരിശോധനയ്ക്ക് നല്‍കിയില്ല. കേസെടുക്കാൻ വൈകിയതാണ് രക്ത പരിശോധന വൈകാൻ കാരണമെന്ന് ഏറ്റുമാനൂർ പോലീസ് പറയുന്നു. മൂന്നു ദിവസമായി രക്തം പോലീസ് കസ്റ്റഡിയിലാണ്. ഇനി കോടതി മുഖേനയേ രക്ത പരിശോധന നടത്താൻ കഴിയൂ എന്നുമാണ് പോലീസ് പറയുന്നത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കാണ് പേരൂർ കണ്ടൻചിറയ്ക്ക് സമീപം അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അമ്മയെയും മക്കളെയും മെഡിക്കൽ കോളജിലേക്കും കാർ ഓടിച്ചിരുന്ന പേരൂർ സ്വദേശി ഷോണ്‍ മാത്യുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്.
മെഡിക്കൽ കോളജിൽ എത്തും മുൻപേ രണ്ടു പെണ്‍കുട്ടികൾ മരിച്ചു. ആശുപത്രിയിൽ എത്തിക്കഴിഞ്ഞ് അമ്മയും മരിച്ചു. അതി ദാരുണമായി മൂന്നു പേർ വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കുന്ന കാര്യത്തിലും വീഴ്ചയുണ്ടായോ എന്നാണ് സംശയിക്കേണ്ടത്.
പരിക്കേറ്റ കാർ ഡ്രൈവറെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ഷോണ്‍ മാത്യുവിന്റെ അമ്മ. ഇതേ ആശുപത്രിയിൽ വച്ചാണ് രക്തം പരിശോധനയ്ക്കായി ശേഖരിച്ചത്. അമ്മയെ ആശുപത്രിയിൽ വിട്ട ശേഷം തിരികെ വരുന്പോഴാണ് അപകടമുണ്ടായത്. കാർ ഡ്രൈവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.
ഷോണ്‍ ബംഗളൂരുവിൽ വിദ്യാർഥിയാണ്. അപകടമുണ്ടാകുന്പോൾ കാറിന്റെ വേഗം നൂറു കിലോമീറ്ററായിരുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ നൽകുന്ന റിപ്പോർട്ട്. അമിത വേഗത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ച പ്രതി റോഡരികിലൂടെ നടന്നു പോയ കാൽനടയാത്രക്കാർക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റുകയായിരുന്നുവെന്നാണ് പോാലീസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
അപകടത്തിൽ പരിക്കേറ്റ ഷോണ്‍ പൂർണമായും ബോധം വീണ്ടെടുത്തിട്ടില്ല. തുടയെല്ലിന് പൊട്ടലേറ്റ ഷോണിന് അടിയന്തര ശസ്ത്രക്രിയ വേണ്ടി വരും. കാലിലെ പരിക്ക് ഗുരുതരമാണ്.