ഏറ്റുമാനൂർ: റെയിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൊളിച്ചുപണിയുന്ന ഏറ്റുമാനൂർ – നീണ്ടൂർ റോഡിലെ മേൽപ്പാലത്തിനായുള്ള രണ്ടാമത്തെ കോന്പസിറ്റ് സ്റ്റീൽ ഗർഡർ ഉറപ്പിച്ചു. പാലം നിർമാണം അവസാനഘട്ടത്തിലേക്ക് കടന്നു. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനോട് ചേർന്നാണ് മേൽപ്പാലം. രണ്ടാമത്തെ സ്പാനിലെ ആറ് ഗർഡറുകളാണു വലിയ ക്രെയിനിന്റെ സഹായത്തോടെ ഉറപ്പിച്ചത്.
പൊളിച്ചുനീക്കിയ പാലത്തിന്റെ ഇരട്ടിയിലേറെ നീളക്കൂടുതലുള്ള പുതിയ പാലത്തിന് രണ്ട് സ്പാനുകളാണുള്ളത്. ഇതിൽ പാതയിരട്ടിപ്പിക്കൽ നടക്കുന്ന ഭാഗത്തു വരുന്ന സ്പാനിൽ നേരത്തേ ഗർഡർ ഉറപ്പിച്ചിരുന്നു. ഗതാഗതം നടക്കുന്ന ഭാഗത്തു വരുന്ന രണ്ടാമത്തെ സ്പാനിലാണ് ഗർഡർ ഉറപ്പിച്ചത്. മുംബൈ ജയന്തി ജനത എക്സ്പ്രസും കേരള എക്സ്പ്രസും എത്തുന്നതിന് ഇടയിലുള്ള സമയത്ത് വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമാണ് ഗർഡർ ഉറപ്പിച്ചത്.
അര മണിക്കൂറിനുള്ളിൽ ആറ് ഗർഡറുകളും ഉറപ്പിച്ചു. ട്രെയിൻ ഗതാഗതത്തിന് തടസമുണ്ടായില്ല. ഇനിയും ഗർഡറിന് മുകളിൽ സ്റ്റീൽഷീറ്റുകൾ ഉറപ്പിച്ചശേഷം പാലം കോണ്ക്രീറ്റ് ചെയ്യും. നിർമാണം പൂർത്തീകരിച്ച അപ്രോച്ച് റോഡിന്റെ ടാറിംഗും നടക്കണം. മറ്റ് തടസങ്ങൾ ഒന്നുമുണ്ടാകുന്നില്ലെങ്കിൽ മേയ് 31ന് മുന്പ് നിർമാണം പൂർത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് അധികൃതർ പറഞ്ഞു.