കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ഇ– കളക്ഷന്‍ സൗകര്യംവഴി പണം കൈകാര്യം ചെയ്യുന്നതിനായി സ്‌പൈസ് ഡിജിറ്റലുമായി ബാങ്ക് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഇതനുസരിച്ച് സ്‌പൈസ് ഡിജിറ്റലിന്റെ ഇരുപതിനായിരത്തില്‍പരം ചെറുകിട ഔട്ട്‌ലെറ്റുകള്‍ക്ക് അവരുടെ പണം ഇന്ത്യയിലെമ്പാടുമുള്ള ഫെഡറല്‍ ബാങ്ക് ശാഖകളില്‍ അടയ്ക്കാം.
തങ്ങളുടെ റണ്ണിംഗ് പരിധി പൂര്‍ത്തിയാക്കുന്ന ഔട്ട്‌ലെറ്റുകള്‍ക്ക് ഇടപാടുകാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാത്തവിധത്തില്‍ സേവനം തുടരാന്‍ അപ്പപ്പോള്‍ ഇതിലൂടെ അവസരമുണ്ടാകും.മൊബൈല്‍ മൂല്യവര്‍ധിത സേവനങ്ങള്‍ (എംവിഎഎസ്), മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഇന്റര്‍നെറ്റ് ഉത്പന്നങ്ങളും സേവനങ്ങളും തുടങ്ങിയ മേഖലകളിലെ മുന്‍നിരക്കാരാണ് സ്‌പൈസ് ഡിജിറ്റല്‍ ലിമിറ്റഡ്.
കഴിഞ്ഞ 14 വര്‍ഷക്കാലമായി മൊബൈല്‍ റേഡിയോ, മിര്‍ച്ചി ഓണ്‍ മൊബൈല്‍ (റേഡിയോ മിര്‍ച്ചി), കോള്‍ സമയത്തെ തല്‍സമയ സംഗീതം, മതകേന്ദ്രങ്ങളില്‍ നിന്നുള്ള തല്‍സമയ വിവരകൈമാറ്റം തുടങ്ങിയ നൂതനങ്ങളായ ഉത്പന്നങ്ങളും സേവനങ്ങളും കമ്പനി ലഭ്യമാക്കിവരുന്നുണ്ട്.
ഫെഡറല്‍ ബാങ്ക് ഇതുവരെ ഏര്‍പ്പെട്ടിട്ടുള്ള ഇ കളക്ഷന്‍ സൗകര്യങ്ങളില്‍ വലുപ്പത്തില്‍ രണ്ടാമത്തേതാണ് സ്‌പൈസ് ഡിജിറ്റലുമായുള്ളതെന്ന് ബാങ്കിന്റെ സിഒഒ ശാലിനി വാര്യര്‍ പറഞ്ഞു.ഇത്തരത്തില്‍ കൂടുതല്‍ കോര്‍പറേറ്റ് പങ്കാളിത്തങ്ങളും സഹകരണവും സ്ഥാപിക്കുന്നതിനായി ഡല്‍ഹിയിലും മറ്റും ബാങ്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി അവര്‍ വ്യക്തമാക്കി.