കോംഗോയിലേക്കു വീണ്ടും എബോള വൈറസ് തിരിച്ചെത്തുന്നു എന്ന വാർത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്.
ഗിനിയ, സിയറ ലിയോണ്‍, നൈജീരിയ എന്നീ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളെയാണ് എബോള എന്ന വിനാശകാരിയായ രോഗം ബാധിച്ചത്.
കോവിഡ് മഹാമാരി താണ്ഡവമാടി നിന്നിരുന്ന വേളയിലാണ് ഈ വാർത്തയും പുറത്തുവന്നത്.
2014ല്‍ എബോളയുടെ വരവിൽ 11,300 ഓളം പേരാണ് മരിച്ചത്. ആ ഓഗസ്റ്റില്‍ ലോകാരോഗ്യസംഘടന എബോള ബാധയെ ആരോഗ്യഅടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു.
കൊലയാളി!
1976ൽ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ലോകത്ത് ആദ്യമായി എബോള റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രധാനമായി മാൻ, കുരങ്ങ്, മുള്ളൻപന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലാണ് എബോള വൈറസ് ബാധ കണ്ടുവരുന്നത്.
രോഗബാധയുള്ള മൃഗങ്ങളുടെ സ്രവത്തിലൂടെയും അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയുമാണ് വൈറസ് മനുഷ്യശരീരത്തിലേക്കു പ്രവേശിക്കുന്നത്.
നിപയുടെ കാര്യത്തിലെന്നപോലെതന്നെ പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകൾ രോഗവാഹകരാണ്. ഈ ജീവികൾ കടിച്ച പഴങ്ങൾ നമ്മൾ ഭക്ഷിക്കുന്നതിലൂടെ വൈറസ് നമ്മിലേക്കു പ്രവേശിക്കും.
മൃഗങ്ങളിൽനിന്നു മാത്രമല്ല മനുഷ്യരിൽനിന്നു മനുഷ്യരിലേക്കും പടരാനും എബോള വൈറസിനു കഴിവുണ്ട് എന്നതാണ് ആശങ്കാ ജനകം.
രോഗം മൂലം മരിച്ചവരുടെയോ രോഗബാധിതരുടെയോ രക്തം, വിസർജ്യം, സ്രവങ്ങൾ എന്നിവയിലൂടെ രോഗം പകരാം.
എബോള വൈറസ് ബാധിക്കുന്ന, താരതമ്യേന ആരോഗ്യമുള്ളവരിൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ രോഗം ഭേദമാകാറുണ്ട്.
അതേസമയം, ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നവർ രോഗം ഭേദമായി ജീവിതത്തിലേക്കു തിരിച്ചുവരാന്‍ സാധ്യത പകുതി പോലും ഇല്ലെന്നാണ് വിദഗ്ധാഭിപ്രായം.
ലക്ഷണങ്ങൾ
* എബോള വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ രണ്ടു ദിവസം മുതൽ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങും.
* പനി, തലവേദന, ശരീരവേദന, ഛർദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
* ചിലരിൽ ആദ്യ ദിവസങ്ങളിൽ രക്തസ്രാവം ഉണ്ടായേക്കാം. പതുക്കെ വൃക്ക, കരൾ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ഇതു മരണത്തിലേക്കു നയിക്കുകയും ചെയ്തേക്കാം.
* പോഷകാഹാരക്കുറവ്, മദ്യപാനം, കരൾ രോഗം തുടങ്ങിയവ മനുഷ്യനെ എളുപ്പത്തിൽ കീഴ്പ്പെടുത്താൻ വൈറസിനെ സഹായിക്കും.
രോഗനിർണയം
* രോഗിയുടെ ജീവിതശൈലി, ഭക്ഷണം, യാത്രകൾ തുടങ്ങിയവയുടെ വിശദാംശം ശേഖരിക്കുകയാണ് പ്രധാനം
* മൃഗങ്ങളുമായുള്ള സന്പർക്കം, മാംസാഹാരം ഭക്ഷിച്ചോ എന്നും അറിയണം
* ടൈഫോയ്സ്, മലേറിയ, ഡങ്കി തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങൾ എബോളയുമായി സാമ്യമുള്ളതിനാൽ അവയുടെ സാധ്യതയും പരിശോധിക്കണം.
* രക്തപരിശോധനയിലൂടെ എബോള വൈറസ് ബാധ സ്ഥിരീകരിക്കാനാകും. എന്നാൽ, ഇതു ചെലവേറിയതാണ്.
ക്വൈറന്റൈൻ
രോഗബാധ കണ്ടെത്തിയവരെ ഐസലേഷന്‍ വിഭാഗത്തിലെത്തിക്കുക, സമ്പര്‍ക്കം ഒഴിവാക്കുക തുടങ്ങിയ നടപടി അടിയന്തരമായി സ്വീകരിക്കണം.
രോഗബാധിതരാവർക്കു മറ്റു വൈറൽപനി പോലെതന്നെ സപ്പോര്‍ട്ടീവ് ചികിത്സ ലഭ്യമാക്കുക. നിലവിൽ എബോളയ്ക്കെതിരേയുള്ള വാക്സിനുകളും മരുന്നുകളും പരീക്ഷണഘട്ടത്തിലാണുള്ളത്.
മരുന്നില്ല, വാക്സിനും
മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ രോഗത്തിനെതിരേ പ്രതിരോധമാണു വേണ്ടത്.
ഏതെങ്കിലും തരത്തിൽ അണുബാധയേറ്റുവെന്നു സംശയം തോന്നിയാൽ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ തിളച്ച വെള്ളത്തിൽ കഴുകി അണുബാധയകറ്റാം.
വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിലൂടെയും അണുനശീകരണമുണ്ടാകും. അണുബാധയേറ്റതായി സംശയിക്കുന്ന പ്രതലം ബ്ലീച്ചിംഗ് പൗഡർ ലായിനി ഉപയോഗിച്ചു അണുവിമുക്തമാക്കണം.
രോഗികളുമായി സന്പർക്കത്തിലേർപ്പെടുന്നവരും അവരെ പരിചരിക്കുന്നവരും ശുചിത്വം പാലിക്കണം. സോപ്പ് ഉപയോഗിച്ചു കൈകഴുകുന്നതു വളരെ പ്രധാനം.