ഈച്ചകള്‍ എവിടെയും എപ്പോഴും ശല്യമാണ്. വീടിനുള്ളില്‍ എത്രയൊക്കെ ശുചിത്വം പാലിച്ചാലും പലയിടത്തും ഈച്ച ഒഴിയാറില്ല.
അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവിടങ്ങളിൽ മാത്രമല്ല, സ്വീകരണമുറികളിലും കിടപ്പുമുറികളിലുംവരെ ഈച്ചകൾ എത്താറുണ്ട്.
അതിഥികൾ വീട്ടിലെത്തുമ്പോള്‍ വീടിനകത്ത് ഈച്ചയെ കണ്ടാല്‍ വീട്ടുകാർക്കു തലകുനിക്കേണ്ടിവരും.
ഈച്ചകളെ തടയാന്‍ പല മാര്‍ഗങ്ങളും തേടാറുണ്ടെങ്കിലും കെമിക്കല്‍ പ്രയോഗങ്ങളില്ലാതെ ഈച്ചകളെ തുരത്താന്‍ കഴിയുമെന്നു ചിലര്‍ അവകാശപ്പെടുന്നു.
അത്തരത്തിൽ ഒന്നാണ് വീടിനുള്ളില്‍ ഒരു പ്ലാസ്റ്റിക് ബാഗില്‍ വെള്ളം നിറച്ച് അതില്‍ നാണയങ്ങളിട്ട് തൂക്കിയിടുന്നത്.
ഇതുമൂലം ഈച്ചശല്യം അകലാറുണ്ടെന്ന് അനുഭവസ്ഥർ പറയുന്നുണ്ടെങ്കിലും ഏതുവിധമാണ് ഇത് പ്രവർത്തിക്കുന്നത് എന്നത് പലർക്കും അറിയില്ല.
വെള്ളം നിറച്ച് നാണയമിട്ട പ്ലാസ്റ്റിക് ബാഗ് ഈച്ചയുടെ കാഴ്ചയെ കുഴപ്പത്തിലാക്കുകയും ഇതുമൂലം ഇച്ചകൾ അവിടെനിന്നു മറ്റേതെങ്കിലും ഭാഗത്തേക്കു പോകുകയുമാണ് ചെയ്യുന്നതെന്നാണ് ഇതിനു പ്രചാരം കൊടുക്കുന്നവർ പറയുന്നത്.
ബാഗിനുള്ളിലേക്കു പ്രവേശിക്കുന്ന പ്രകാശം അതിനുള്ളിൽ ഇട്ടിരിക്കുന്ന നാണയത്തില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍ മറ്റൊരു പ്രാണിയുടെ കണ്ണാണെന്നു തെറ്റിദ്ധരിച്ചാണ് ഈച്ച ദിശമാറിപ്പോകുന്നതെന്നും പറയുന്നു.
അതേസമയം, ഇത്തരം മാര്‍ഗങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ലെന്നും ആശ്രയിക്കാവുന്നതല്ലെന്നുമുള്ള അഭിപ്രായമുള്ളവരുമുണ്ട്. ശുചിത്വമാണ് ഈച്ചശല്യത്തിനു ശാശ്വതപരിഹാരമെന്നാണ് ഇവരുടെ പക്ഷം.
ചത്തതോ ചീഞ്ഞളിഞ്ഞതോ ആയ ജൈവവസ്തുക്കളാണ് ഈച്ചകള്‍ ഭക്ഷിക്കുന്നത്. ഇത്തരം വസ്തുക്കളുള്ളിടത്താണ് ഈച്ചകള്‍ പ്രത്യക്ഷപ്പെടുന്നതും.
അവിടങ്ങളില്‍ മുട്ടയിടുകയും കൂടുതല്‍ ഈച്ചകള്‍ വിരിയുകയും ചെയ്യുന്നു. എന്നാൽ, എത്ര ശുചിത്വം പാലിച്ചാലും ഈച്ചകൾ ഒഴിയാത്ത പ്രദേശങ്ങൾ ഉണ്ടെന്നതു മറ്റൊരു യാഥാർഥ്യം.