അന്തിക്കാട്: വിഷമില്ലാത്ത നല്ല ജൈവ പച്ചക്കറികൾ ജനങ്ങൾക്ക് നല്കാൻ ഗ്രാമപഞ്ചായത്തുകൾ തോറും ഇക്കോ ഷോപ്പുകൾ ശക്തിപ്പെടുത്തുമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. ആനന്ദപ്ലാസ ഓഡിറ്റോറിയത്തിൽ അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഇക്കോ ഷോപ്പ് ഉദ്ഘാടനം ഇന്ന് രാവിലെ നിർവ്വഹിക്കുകയായിരുന്നു മന്ത്രി .
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി.ശ്രീവത്സന്‍ പച്ചക്കറികൾ നൽകി ആദ്യ വില്പന മന്ത്രി നിർവഹിച്ചു.സർട്ടിഫിക്കറ്റുകൾ നൽകി കർഷകരെ ആദരിച്ചു. ഗീതഗോപി എം എൽ എ അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.സി.ശ്രീദേവി മുഖ്യാതിഥിയായിരുന്നു.ആത്മ ഡയറക്ടർ അനിത കരുണാകരൻ പദ്ധതി വിശദീകരിച്ചു.
ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ.വി.ശ്രീവത്സൻ സ്വാഗതവും കൃഷി ഓഫീസർ ഏ.ടി.ഗ്രേസി നന്ദിയും പറഞ്ഞു.