അനിൽ പന്തപ്ലാവ്
പുനലൂർ: ടൂറിസം പ്ലാൻ വേണ്ട രീതയിൽ തയാറാക്കാൻ സർക്കാരിന് കഴിയാത്തതിനാൽ ജില്ലയിലെ കിഴക്കൻ മേഖലയിലെ ടൂറിസം കേന്ദ്രങ്ങൾ അവഗണന നേരിടുന്നു. കാലാകാലങ്ങളിലെ സംസ്ഥാന ബജറ്റുകളിൽ ഇതിന്റെ പുനരുജ്ജീവനത്തിന് പോലും അധികൃതർ തയാറാകാത്തതിനാൽ വേണ്ടത്ര സഞ്ചാരികളെ എത്തിക്കാൻ ഈ കേന്ദ്രങ്ങൾക്ക് കഴിഞ്ഞിട്ടില്ല.
കേരളത്തിന്റെ കാനനഭംഗിയും പ്രകൃതിയുമായി ഇഴകിച്ചേർന്നുള്ള ടൂറിസം കേന്ദ്രങ്ങളുമായി ജില്ലയുടെ കിഴക്കൻ മേഖല സന്പന്നമായിട്ടും വികസന മുരടിപ്പാണ് ഇവിടെ കാണുന്നത്. കേരളത്തിലെ ആദ്യ പ്രകൃതിദത്ത ടൂറിസം പദ്ധതിയായ തെന്മലയിലെ ഇക്കോടൂറിസം കേന്ദ്രവും ജില്ലയുടെ വനമേഖലയും ശെന്തുരുണി വന്യജീവി സങ്കേതവും അധികൃതർ മനസുവച്ചാൽ ഇനിയും വൻതോതിൽ വിനോദസഞ്ചാരികളെ ആകർഷിക്കും.
പ്രകൃതി സൗന്ദര്യത്തിന്റെ നിഗൂഢതകളിലേയ്ക്ക് സഞ്ചാരികളെയും സാഹസികരെയും ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങൾ ഇവിടെ ഉണ്ട്. പ്രകൃതി ഒരുക്കിയ സുന്ദരൻ കാഴ്ചകളാണ് സഞ്ചാരികൾക്കായി ഇവിടെ കാത്തിരിക്കുന്നത്.
സഹ്യന്റെ താഴ് വാരത്തെ ശെന്തുരുണി വന്യജീവിസങ്കേതം, പ്രകൃതിയുടെ പൊട്ടിച്ചിരിയായി വെള്ളച്ചാട്ടങ്ങൾ, ഓറഞ്ചും തേയിലയും വിളയുന്ന അന്പനാട്, ഭൂതകാലത്തിന്റെ പ്രൗഡിയുമായി ചരിത്രസ്മാരകങ്ങൾ, പുരാതന സംസ്കാരത്തിന്റെ ചരിത്രശേഷിപ്പുകൾ, നിത്യഹരിതവനങ്ങളും തേക്കു പ്ലാന്റെഷനുകൾ, റോസ്മല, മണലാർ കാടുകൾ, കടമാൻ പാറ ചന്ദനത്തോട്ടം ഇങ്ങനെ നീളുന്ന നിരവധി കാഴ്ചകൾ ആണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.
നട്ടുച്ചയ്ക്കും സൂര്യരശ്മികളെ നേർപ്പിച്ചെടുക്കുന്ന നിത്യഹരിതവനങ്ങൾ, അപൂർവയിനം ഒൗഷധസസ്യങ്ങളുടെ കലവറ, തമിഴ് നാടിനോട് അതിരിട്ടുള്ള കൂറ്റൻ പർവതങ്ങൾ, വനവിഭവങ്ങളായ തേൻ, കുന്തിരിക്കം, പുളി, കോലരക്ക്, ജാതിക്ക, ഗ്രാന്പു, ഏലം എന്നിങ്ങനെ സുഗന്ധദ്രവ്യങ്ങളുടെ വിഭവകേന്ദ്രവും ഇവിടെ സന്പുഷ്ടം.
സമുദ്രനിരപ്പിൽ നിന്ന് 1200 അടി ഉയരം നിത്യഹരിതവനങ്ങൾ, വന്യമൃഗനിരീക്ഷണം, ട്രക്കിംഗ്, വുഡൻ ബംഗ്ലാവകൾ, വെള്ളച്ചാട്ടം, അതിപുരാതന ഗുഹകകൾ, സുഗന്ധ വ്യഞ്ജനത്തോട്ടങ്ങൾ തുടങ്ങി നിരവധി കാഴ്ചകൾ ആണ് കല്ലാറിൽ.
സമുദ്രനിരപ്പിൽ നിന്ന് 800 അടി ഉയരം തേയില, ഓറഞ്ച്, ഗ്രാന്പു തോട്ടങ്ങൾ, തേയില ഫാക്ടറി, കഴുതുരുട്ടിയിൽ നിന്നും മഞ്ഞു പുതച്ച വഴികളിലൂടെ ഹെയർപിൻ വളവുകൾ കടന്ന് അന്പനാട് ഹിൽസ്റ്റേഷനിലെത്താം.
ബ്രിട്ടീഷ് ഭരണാധികാരികൾ ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന അപൂർവയിനം തടികളുള്ള ചെങ്ങുറുഞ്ഞിവനം, മനം മയക്കുന്ന കാഴ്ചകളും മനോഹരിമായ കാലവാസ്ഥയും, കുന്നുകൾ, ഏലക്കാടുകൾ വന്യമൃഗസങ്കേതം, ദർഭക്കുളം തടാകം ഇങ്ങനെ നീളുന്ന കാഴ്കൾ ആണ് റോസ്മലയിലുള്ളത്.
പാലരുവി, കുംഭാവുരുട്ടി, മീൻമുട്ടി (കടയ്ക്കൽ പഞ്ചായത്ത്) കേരളം, തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കുറ്റാലം, ഐന്തരുവി വെള്ളച്ചാട്ടങ്ങൾ എന്നിവയാണ് ഇവിടുത്തെ ജലപാതങ്ങൾ.
കേരളത്തിലെ രണ്ടാമത്തെ ചന്ദനതോട്ടമാണ് ആര്യങ്കാവിലെ കടമാൻപാറയിലേത്. സ്വാഭാവിക ചന്ദനതോട്ടമായ ഇവിടെ 127 ഹെക്ടറിലായി അന്പതിനായിരത്തിൽപരം ചന്ദനമരങ്ങളുണ്ട്. ഇവിടെ നിന്ന് വനംവകുപ്പ് ഇതുവരെ ചന്ദനമരങ്ങൾ മുറിച്ചിട്ടില്ല. എന്നാൽ വനംകൊള്ളക്കാർ ഏറെ മരങ്ങൾ ഇവിടെ നിന്നും കൊണ്ടുപോയിക്കഴിഞ്ഞു. കാട്ടാനയടക്കം മിക്ക വന്യജിവികളും ഇവിടെയുണ്ട്.
100032 ചതുരശ്രഹെക്ടർ വിസ്തീർണമുള്ള വനമേഖല യാണ് ശെന്തരുണി. പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിൽ കണ്ടുവരാറുള്ള വന്യജീവികൽ ഇവിടെയുണ്ട്. ആന, കാട്ടുപോത്ത്, കേഴമാൻ, കൂരമാൻ, കടുവ, പുലി, കാട്ടുപൂച്ച, സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, കരടി, മുള്ളൻപന്നി എന്നിവയാണ് പ്രധാന വന്യജീവികൾ. അനാർക്കലിയേസി സസ്യകുടുംബത്തിൽപ്പെട്ട ചെങ്കുറിഞ്ഞി എന്ന മരം കേരളത്തിൽ ശെന്തുരണിയിൽ മാത്രമാണ് ഉള്ളത്. ചെങ്കുറുഞ്ഞി ലോപിച്ചാണ് ശെന്തുരുണി എന്ന പേര് വന്നത് എന്നും പറയപ്പെടുന്നു.
ഈറ്റക്കാടുകൾക്കിടയിലൂടെ കാട്ടാനകൂട്ടത്തെയും കണ്ട് മല കയറി നെറുകയിലെത്തിയാൽ തെക്ക് ഭീമാകാരമായ മരങ്ങൾ തൊട്ട് ചെറുചൂരൽ നാന്പുവരെ നിറഞ്ഞു നിൽക്കുന്ന അച്ചൻകോവിൽ വനമേഖലയും കിഴക്ക് തമിഴ്നാട്ടിലെ തിരുമലകോവിൽ, തെങ്കാശി ഗോപുരം എന്നിവയും വിദൂരദൃശ്യങ്ങളാണ്.
തെന്മല ഇക്കോടൂറിസം കേന്ദ്രവും അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ ശാസ്താക്ഷേത്രങ്ങളുടെ സാന്നിധ്യം എന്നിവ തീർഥാടനത്തിന്റെ പവിത്രതയുമേകും. അധികാരികൾ ഇനിയെങ്കിലും കണ്ണു തുറന്നാൽ പ്രകൃതി കനിഞ്ഞ് നൽകിയ ഈ പ്രദേശങ്ങൾ കേരളത്തിലെ മുൻ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റാൻ കഴിയും.