തെന്മല: കേരളത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ തെന്മല ഇക്കോടൂറിസത്തിൽപ്പെട്ട ബോട്ടുസവാരിക്ക് അധികൃതർ സന്ദർശകർക്ക് സുരക്ഷാമാനദണ്ഡം നടപ്പാക്കുന്നില്ല. നിത്യവും നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. തെന്മല ഇക്കോ ടൂറിസത്തിന്റെ പ്രധാന വിനോദങ്ങളില്‍ ഒന്നാണ് ഇവിടെയുള്ള ബോട്ട് സവാരി.
ഏറ്റവും കൂടുതല്‍പേര്‍ എത്തുന്നതുന്നതും പരപ്പാര്‍ അണക്കെട്ടിന്റെ സംഭരണി മേഖലയിലെ വനവും വന്യ ജീവികളെയും കണ്ടു ആസ്വദിക്കുന്നത് ഈ ബോട്ട് സവാരിയാണ്. എന്നാല്‍ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും അധികൃതർ നടപ്പാക്കാതെയാണ് ബോട്ട് സവാരി നടത്തുന്നത്. ഗ്രൂപ്പായി ബോട്ടിലൂടെയുള്ള സവാരിക്ക് യാത്രകാരുടെ എണ്ണം അനുസരിച്ചുള്ള ലൈഫ് ജാക്കറ്റുകളില്ല. ഉള്ളതാകട്ടെ ഇവരെക്കൊണ്ടു ധരിപ്പിക്കാറുമില്ല.
ഉള്ള ലൈഫ് ജാക്കറ്റുകള്‍ കാലപ്പഴക്കം ചെന്നതും ഉപയോഗ ശൂന്യമായതുമാണ്. പരപ്പാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ജല സംഭരണി ആയതുകൊണ്ട് തന്നെ ഇവിടെ ആഴവും കൂടുതലാണ്. 2014ല്‍ തേക്കടിയില്‍ ഉണ്ടായ ബോട്ട് അപകടത്തില്‍ 45 ജീവനുകളാണ് പൊലിഞ്ഞത്.
തേക്കടി അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള ബോട്ട് യാത്രികര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ കാലം കഴിയുന്തോറും നമ്മുടെ അധികാരികള്‍ അപകടങ്ങളും അതില്‍ പൊലിഞ്ഞ ജീവനുകളും മറക്കും. പിന്നീട് ആരും തന്നെ ഈ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാറില്ല.
തെന്മലയിലെ ഈ ബോട്ട് യാത്ര അത് ശരിവയ്ക്കുന്നതാണ്. ഇനിയെങ്കിലും അധികാരികള്‍ കണ്ണ് തുറന്നില്ലങ്കില്‍ തേക്കടി ദുരന്തം നാളെ തെന്മലയിലും ആവര്‍ത്തിച്ചേക്കാം.