കുട്ടികള്‍ക്കായി നേരത്തേ നിക്ഷേപിക്കാം

bis-economi-lഒരു കുഞ്ഞിന്‍റെ ജനനം മാതാപിതാക്കള്‍ക്ക് അതിയായ സന്തോഷം നല്‍കുന്നു. ഒപ്പം, നവജാത ശിശുവിന്‍റെ ഭാവിക്ഷേമം രൂപപ്പെടുത്താനുള്ള ഉത്തരവാദിത്വവും. ഉന്നതവിദ്യാഭ്യാസം പോലുള്ള നിര്‍ണായക ഘട്ടങ്ങളില്‍ കുട്ടിയുടെ താത്!പര്യങ്ങളെ പിന്തുണയ്ക്കാന്‍ മാതാപിതാക്കള്‍ സാമ്പത്തികമായി തയാറായിരിക്കേണ്ടതാണ്. ഇതിനു വലിയ തുകകള്‍ ആവശ്യമാണ്. ഭാവിയില്‍ ചെലവുകള്‍ ഉയരുമെന്നുതന്നെയേ പ്രതീക്ഷിക്കാന്‍ കഴിയൂ. അതിനാല്‍ ഇക്കാര്യങ്ങള്‍ക്കായി നേരത്തെ നിക്ഷേപം ആരംഭിക്കുന്നതാണു ബുദ്ധി. അങ്ങനെ ചെയ്യാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന ചില കാരണങ്ങള്‍ ഇതാ:

ഉയര്‍ന്ന വളര്‍ച്ച തരാവുന്ന ഓഹരിനിക്ഷേപത്തിനുള്ള അവസരം ലഭിക്കും

കഴിഞ്ഞ 10 വര്‍ഷമായി ശരാശരി വാര്‍ഷിക പണപ്പെരുപ്പം 8.35 ശതമാനമാണ്. സ്ഥിര നിക്ഷേപങ്ങളുടെ നികുതി കിഴിച്ചുള്ള വരുമാനം സാധാരണ ഗതിയില്‍ പണപ്പെരുപ്പത്തേക്കാള്‍ കുറവാണ്. അതിനാല്‍ ഇവയില്‍ ദീര്‍ഘകാല നിക്ഷേപം നടത്തിയാല്‍, നിങ്ങളുടെ പണം ഓരോ വര്‍ഷവും കുറയും. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസച്ചെലവും വിവാഹച്ചെലവും കാലക്രമേണ വര്‍ധിക്കുമെന്നതിനാല്‍ പണപ്പെരുപ്പത്തേക്കാള്‍ വളരെ കൂടുതല്‍ വളര്‍ച്ചയുള്ള ഇടങ്ങളിലായിരിക്കണം നിക്ഷേപം നടത്തേണ്ടത്. ഓഹരിയുടെ കാര്യമെടുത്താല്‍, 2014 വരെയുള്ള 18 വര്‍ഷം എടുക്കുകയാണെങ്കില്‍ ഇതിനുള്ളില്‍ ഏതെങ്കിലും 10 വര്‍ഷത്തെ കാലയളവ് പരിശോധിച്ചാല്‍ സെന്‍സെക്‌സ് നല്‍കിയ മിനിമം വരുമാനം ഏകദേശം 10 ശതമാനം ആയിരുന്നു.

പരമാവധി നോക്കുകയാണെങ്കില്‍ 23 ശതമാനം വരെ കയറിയിട്ടുമുണ്ട്. അതേസമയം, ഓഹരിവിപണി ഹ്രസ്വകാല അടിസ്ഥാനത്തില്‍ നോക്കിയാല്‍ ധാരാളം അസ്ഥിരതകളിലൂടെ കടന്നുപോകുന്നതാണെന്നും ഓര്‍ക്കേണ്ടത് പ്രധാനമാണ്. അതിനാല്‍ നിങ്ങള്‍ക്ക് ഓഹരിവിപണിയിലെ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കാന്‍ സാധിക്കുകയാണെങ്കില്‍, നഷ്ടം! ഒഴിവാക്കാനും മികച്ച ലാഭം ഉണ്ടാക്കാനും അവസരം ലഭിക്കുന്നതാണ്. എത്ര കാലം മുമ്പേ നിക്ഷേപം തുടങ്ങുന്നോ അത്രയും നല്ലത് എന്നര്‍ഥം.

ഐഐഎം അഹമ്മദാബാദിലെ രണ്ടു വര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിന്‍റെ ഫീസ് ഉദാഹരണമായെടുക്കാം. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആറ് മടങ്ങോളം ആണ് ഫീസ് വര്‍ധന. ഇതേപോലെ മിക്ക കോഴ്‌സുകളുടെയും ചെലവ് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ പണപ്പെരുപ്പത്തിന്‍റെ തോത് കണക്കിലെടുത്ത് വലിയ തുക സമ്പാദിക്കാന്‍ ശ്രമിക്കേണ്ടതാണ്. നേരത്തെ സമ്പാദ്യം തുടങ്ങുന്നതിന്‍റെ ഗുണം, നിങ്ങളുടെ ഭാഗത്തു സമയം ഉള്ളതിനാല്‍ വലിയ തുക സമ്പാദിക്കാന്‍ കഴിയും എന്നതാണ്. പ്രതിമാസം 10,000 രൂപ വച്ച് സമ്പാദിക്കാന്‍ ആരംഭിക്കുകയും, നിക്ഷേപത്തിന് 12 ശതമാനം വച്ച് വരുമാനം ലഭിക്കുകയും ചെയ്താല്‍ 15 വര്‍ഷംകൊണ്ട് നിക്ഷേപം 49.95 ലക്ഷം രൂപ ആയിത്തീരും. എന്നാല്‍ 10 വര്‍ഷമാണ് നിക്ഷേപം എങ്കില്‍ അത് 23 ലക്ഷം രൂപ മാത്രമേ ആകുന്നുള്ളൂ. 15 വര്‍ഷംകൊണ്ട് ഉണ്ടാക്കിയതിന്‍റെ പകുതി മാത്രം. ചുരുക്കത്തില്‍, നിക്ഷേപം ദീര്‍ഘകാലത്തേക്കു നടത്തിയാല്‍ മാത്രമേ നിങ്ങളുടെ പണം വളരുകയുള്ളൂ.

മാര്‍ഗമധ്യേ തിരുത്തല്‍ നടത്തുന്നതിനുള്ള സ്വാതന്ത്ര്യം

നേരത്തേ ആരംഭിക്കുമ്പോള്‍, ഇടയ്ക്കുവച്ച് നിങ്ങളുടെ നിക്ഷേപത്തിന്‍റെ ഗതി ക്രമീകരിക്കുന്നതിന് വലിയ സൗകര്യം ലഭിക്കുന്നു. ഒന്നുകില്‍ വലിയൊരു തുക ഇതിലേക്ക് വീണ്ടും നിക്ഷേപിക്കുകയോ അല്ലെങ്കില്‍ കൂടുതല്‍ വരുമാനം നല്‍കുന്ന മറ്റൊരു നിക്ഷേപത്തിലേക്ക് മാറ്റുകയോ ചെയ്യാം.

പ്രതിമാസ ബജറ്റില്‍ സമ്മര്‍ദം കുറയുന്നതിനാല്‍ മറ്റു ലക്ഷ്യങ്ങളിലും ശ്രദ്ധ നല്‍കാനാകും

നിങ്ങളുടെ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസം പോലുള്ള ഭാവി ആവശ്യങ്ങള്‍ക്കായുള്ള നിക്ഷേപം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആയതിനാല്‍ ഒരു ചെറിയ പ്രതിമാസ തുകകൊണ്ട് അതു തുടങ്ങാനും പിന്നീട് ആവശ്യമെങ്കില്‍ ഉയര്‍ത്താനും സാധിക്കുന്നു. വൈകി തുടങ്ങുമ്പോള്‍ ഒരാളുടെ പ്രതിമാസ ബജറ്റില്‍ ഉണ്ടാകുന്ന വലിയ സമ്മര്‍ദം ഒഴിവാക്കാന്‍ ഇതു സഹായിക്കുന്നു.

കാര്‍ത്തിക് രാമന്‍
ഐഡിബിഐഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും സ്ട്രാറ്റജി ആന്‍ഡ് പ്രോഡക്ട്‌സ് ഹെഡുമാണു ലേഖകന്‍

Related posts