തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗസംവരണം ഏർപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് നിയോഗിച്ച ജസ്റ്റീസ് കെ. ശ്രീധരന് നായര്‍ കമ്മിഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചു. നിയമവകുപ്പ് നിര്‍ദേശിച്ച ഭേദഗതികളോടെയാണ് ശിപാർശ അംഗീകരിച്ചത്.
നിലവിലുള്ള സംവരണത്തിന് അര്‍ഹതയില്ലാത്തവരും കുടുംബവാര്‍ഷിക വരുമാനം നാല് ലക്ഷം രൂപയില്‍ കവിയാത്തവരുമായ എല്ലാവര്ക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും. പഞ്ചായത്തില്‍ 2.5 ഏക്കറില്‍ അധികവും മുൻസിപ്പാലിറ്റിയില്‍ 75 സെന്റിലധികവും കോര്‍പ്പറേഷനില്‍ 50 സെന്റിലധികവും ഭൂമിയുള്ളവര്‍ സംവരണത്തിന്റെ പരിധിയില്‍ വരില്ല. മുൻസിപ്പല്‍ പ്രദേശത്ത് 20 സെന്റില്‍ അധികം വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും കോര്പ്പറേഷന് പ്രദേശത്ത് 15 സെന്റിലധികം വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും സംവരണത്തിന്റെ പരിധിയില്‍ വരില്ല.
സംസ്ഥാന സർവീസിലും സംസ്ഥാനത്തിന് ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖല സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം നല്‍കും. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും (ന്യൂനപക്ഷ സ്ഥാപനങ്ങളൊഴികെ) 10 ശതമാനം സംവരണം നല്‍കണമെന്ന് കമ്മിഷന് ശിപാര്‍ശ ചെയ്തിട്ടുണ്ട്.