അജിത് ജി നായര്
ചൈനീസ് വ്യാളി വീഴുന്നുവോ…കഴിഞ്ഞ കുറേ നാളുകളായി ലോകം ആവര്ത്തിച്ചു ചോദിക്കുന്ന ചോദ്യമാണിത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈന കഴിഞ്ഞ കുറെ വര്ഷങ്ങളായി അമേരിക്കയെ മറികടന്ന് ഒന്നാമതെത്താനുള്ള വ്യഗ്രതയിലായിരുന്നു.
എന്നാല് ഇപ്പോള് ചൈനയില് നിന്നും പുറത്തു വരുന്ന വിവരങ്ങള് അത്ര ശുഭകരമല്ല. ലോകം കോവിഡിന്റെ പിടിയില് നിന്ന് പതിയെ കരകയറി വരികയാണെങ്കിലും ചൈനയ്ക്ക് കോവിഡ് സമ്മാനിച്ചത് വലിയ ആഘാതമാണ്.
കോവിഡിനെതിരേ രാജ്യം സ്വീകരിച്ച പോളിസിയും നിര്ണായകമായി. രാജ്യം അടച്ചുള്ള സീറോ കോവിഡ് പോളിസി സമ്പദ് വ്യവസ്ഥയെ തകര്ത്തുവെന്ന് നിസ്സംശയം പറയാം. ഇത് ചൈനയുമായി വ്യാപാരത്തില് ഏര്പ്പെടുന്നതില് നിന്ന് മറ്റ് സമ്പദ് വ്യവസ്ഥകളെ പിന്തിരിപ്പിച്ചുവെന്ന് പറയേണ്ടിരിക്കുന്നു.
ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന റിപ്പോര്ട്ടുകള് ദിനംപ്രതി പുറത്തുവരികയാണ്. ഇത് ചൈനയെയും ഗുരുതരമായി ബാധിക്കുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ജൂലൈ-ഓഗസ്റ്റ് ത്രൈമാസത്തിലെ വളര്ച്ചാ നിരക്കിന്റെ ഔദ്യോഗിക വിവരങ്ങള് ഇനിയും വെളിവായിട്ടില്ല. എന്നാല് ചൈന പ്രതീക്ഷിക്കുന്ന 5.5 ശതമാനം വളര്ച്ച കൈവരിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണെന്ന സൂചനകളാണ് പുറത്തു വരുന്നത്.
അമേരിക്കയെയും ബ്രിട്ടനെയും അപേക്ഷിച്ച് ഭേദമാണെങ്കിലും പണപ്പെരുപ്പം ചൈനയെയും വരിഞ്ഞു മുറുക്കുന്നു. എന്നാല് ചൈനയില് വേറെയും പ്രശ്നങ്ങള് ഉണ്ടെന്നതാണ് വാസ്തവം.
ലോക ഫാക്ടറിയായ ചൈനയില് ഉല്പാദിപ്പിക്കുന്ന വസ്തുക്കള്ക്ക് പൊടുന്നൊനെ ആവശ്യക്കാര് കുറഞ്ഞത് രാജ്യത്തിനേറ്റ വലിയൊരു തിരിച്ചടിയാണ്. അന്താരാഷ്ട്രതലത്തില് മാത്രമല്ല രാജ്യത്തിനകത്തും ചൈനീസ് ഉല്പ്പന്നങ്ങള്ക്ക് ആവശ്യക്കാര് കുറഞ്ഞു. ഇതുകൂടാതെ അമേരിക്ക പോലെയുള്ള വമ്പന് സാമ്പത്തിക വ്യവസ്ഥകളും ചൈനയും തമ്മില് ഉടലെടുത്ത പ്രശ്നങ്ങള് വളര്ച്ചയെ തടയുന്നതില് നിര്ണായകമായി.
അമേരിക്കന് ഡോളറിനെതിരേ ദശാബ്ദത്തിലെ തന്നെ ഏറ്റവും ദുര്ബലമായ അവസ്ഥയിലൂടെയാണ് ചൈനീസ് കറന്സി യുവാന് കടന്നു പോവുന്നത്.
പ്രസിഡന്റ് പദത്തില് തുടര്ച്ചയായി മൂന്നാംതവണ അവരോധിക്കപ്പെടാന് ഷി ജിന് പിങ് ഒരുങ്ങുന്ന വേളയില് തന്നെയാണ് ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് ഇങ്ങനെയൊരു ദുര്യോഗം എന്നത് ചിന്തനീയമാണ്. ഒക്ടോബര് 16ന് നടക്കുന്ന കമ്യൂണിസ്റ്റ് പാര്ട്ടി കോണ്ഗ്രസില് ഷി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്.
സീറോ കോവിഡ് പോളിസി
ചൈനീസ് ഗവണ്മെന്റ് പുറത്തു വിടുന്ന കണക്കുകളില് എത്രമാത്രം വിശ്വാസ്യത ഉണ്ടെന്ന ചോദ്യമവശേഷിക്കുമ്പോഴും നിരവധി നഗരങ്ങളില് നാശം വിതയ്ക്കാന് കോവിഡിനായി. ഷെന്ഷെനും ടിന്ജിയാനും ഉള്പ്പെടെയുള്ള ഉല്പാദക നഗരങ്ങളില് കോവിഡ് ഏല്പ്പിച്ച ആഘാതം രാജ്യത്തുടനീളമുള്ള വ്യവസായങ്ങളെയാകെ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്.
ജനങ്ങള് ഭക്ഷണപാനീയങ്ങള്ക്കു പോലും പണം ചെലവഴിക്കാതായതോടെ പ്രധാനമേഖലകളെല്ലാം പ്രതിസന്ധിയെ അഭിമുഖീകരിച്ചു. നാഷണല് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട വിവരങ്ങള് അനുസരിച്ച് ഈ സെപ്റ്റംബറോടെയാണ് ഉല്പാദക മേഖല പ്രതിസന്ധിയില് നിന്ന് അല്പ്പമൊന്ന് കരകയറിയത്.
ഗവണ്മെന്റ് നിര്മാണപ്രവര്ത്തന മേഖലയില് കൂടുതല് പണം ചെലവഴിക്കാന് തുടങ്ങിയതിന്റെ ബലത്തിലായിരുന്നു ഈ ഉണര്വ്.
എന്നാല് ഗവണ്മെന്റ് ഈ നയം സ്വീകരിച്ച് രണ്ടുമാസം പിന്നിട്ടിട്ടും ഉല്പ്പാദനമേഖലയില് അത്രവലിയ കുതിച്ചുകയറ്റമൊന്നുമുണ്ടായില്ല. ഇത് പല ചോദ്യങ്ങളുയര്ത്തുകയും ചെയ്യുന്നു. അടുത്തിടെ നടത്തിയ ഒരു സ്വകാര്യ സര്വേയില് തെളിഞ്ഞത് മറ്റൊരു കാര്യമായിരുന്നു. ഫാക്ടറി പ്രവര്ത്തനങ്ങള് കൂപ്പുകുത്തിയത് സെപ്റ്റംബറിലാണെന്ന വിവരമാണ് സര്വേയിലൂടെ പുറത്തു വന്നത്.
ഉയര്ന്ന പലിശ നിരക്ക് മൂലം അമേരിക്ക പോലുള്ള രാജ്യങ്ങളും ചൈനീസ് ഉല്പ്പന്നങ്ങളോടു വിമുഖത കാട്ടി. ഇതുകൂടാതെ മുറിവില് മുളകുപോലെ പണപ്പെരുപ്പവും യുക്രൈനിലെ യുദ്ധവും വന്നു ചേര്ന്നു.
സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന് ഗവണ്മെന്റ് കൂടുതല് എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നുവെന്നാണ് വിദഗ്ധപക്ഷം. എന്നാല് സീറോ കോവിഡ് പോളിസി അവസാനിപ്പിക്കാതെ അത് സാധ്യമാവുകയില്ലെന്നതാണ് യാഥാര്ഥ്യം.
കാര്യമായൊന്നും ചെയ്യാതെ ഗവണ്മെന്റ്
ചെറുകിട വ്യവസായങ്ങളെ ഉദ്ധരിപ്പിക്കാന് ഈ ഓഗസ്റ്റില് 1 ട്രില്യണ് യുവാന്റെ(203 ബില്യണ് ഡോളര്) പദ്ധതിയാണ് ഗവണ്മെന്റ് പ്രഖ്യാപിച്ചത്. എന്നാല് വളര്ച്ചാ ലക്ഷ്യങ്ങള് കൈവരിക്കാനും തൊഴിലവസരങ്ങള് സൃഷ്ടിക്കാനും ഇതുമാത്രം പോരായെന്നാണ് നിരീക്ഷകര് പറയുന്നത്.
നിര്മാണ മേഖലയില് കൂടുതല് നിക്ഷേപം ഇറക്കേണ്ടത് അനിവാര്യമാണ്. വീട് വാങ്ങാന് താല്പര്യമുള്ളവര്, ബില്ഡര്മാര്, തദ്ദേശ സ്ഥാപനങ്ങള് തുടങ്ങിയവര്ക്ക് കടമെടുക്കാനുള്ള നടപടികള് ലഘൂകരിക്കേണ്ടതും ഗൃഹ നികുതികള് കുറയ്ക്കേണ്ടതും ആവശ്യമാണ്. ഇത്തരത്തില് സാമ്പത്തിക പ്രതിസന്ധി നേരിട്ടിട്ടുള്ള മുന്കാലങ്ങളെ അപേക്ഷിച്ച് ഏറെക്കുറെ ഉദാസീനമായ നിലപാടാണ് ചൈനീസ് ഗവണ്മെന്റ് ഇപ്പോള് കൈക്കൊണ്ടിരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
റിയല് എസ്റ്റേറ്റ് തകര്ച്ച
റിയല് എസ്റ്റേറ്റ് മേഖലയുടെ മന്ദഗതിയും ഹൗസിംഗ് മേഖലയുടെ പ്രതികൂലഭാവവും സാമ്പത്തിക വളര്ച്ചയെ പിന്നോട്ടടിക്കുന്നുണ്ട്. ചൈനീസ് ജിഡിപിയുടെ മൂന്നിലൊന്ന് മേല്പ്പറഞ്ഞ മേഖലകളില് നിന്നുള്ളതാകയാല് ഇത് സാമ്പത്തിക വ്യവസ്ഥയെ എത്രമാത്രം ദോഷകരമായി ബാധിക്കുന്നുവെന്ന് പറയേണ്ടതില്ലല്ലോ.
ഈയൊരു പരിതസ്ഥിതിയില് ജനങ്ങള്ക്കും ഗവണ്മെന്റില് വിശ്വാസമില്ലാതെ വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ലോണെടുത്ത് വീടു പണിയുന്നവരാകട്ടെ തിരിച്ചടവില് മുടക്കം വരുത്തുന്നതും വീടെന്ന സ്വപ്നം ഉപേക്ഷിക്കുന്നതും പതിവായിട്ടുണ്ട്. പുതിയ വീടിന് ആവശ്യക്കാരില്ലാത്തതിനാല് ഇതിന്റെ നിര്മാണത്തിനു വേണ്ടുന്ന അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിരവധി നഗരങ്ങളില് ഈ വര്ഷം പുതിയ വീടുകളുടെ വില 20 ശതമാനം വരെ കുറഞ്ഞു. ഇത് ബില്ഡര്മാരെയാകെ സമ്മര്ദ്ദത്തിലാക്കിയിരിക്കുകയാണ്.
കാലാവസ്ഥാ മാറ്റം കാര്യങ്ങള് കൂടുതല് കുഴപ്പത്തിലാക്കി…
എരിതീയില് എണ്ണയെന്ന പോലെയാണ് കാലാവസ്ഥാ മാറ്റം ചൈനീസ് സമ്പദ് വ്യവസ്ഥയില് ഇടപെട്ടത്. ഓഗസ്റ്റില് ചൂടുതരംഗങ്ങള് ചൈനയെ വിഴുങ്ങുന്ന കാഴ്ചയാണ് കണ്ടത്. ദക്ഷിണ-പശ്ചിമ പ്രവിശ്യയായ സിച്ചുവാനിലും ചോങ് ക്വിങ് പോലുള്ള നഗരങ്ങളിലും അതിഭീകരമായ വരള്ച്ചയാണ് അനുഭവപ്പെട്ടത്.
ഇതോടെ എയര്കണ്ടീഷണറുകളുടെ ആവശ്യകത കുതിച്ചുയര്ന്നത് എറെക്കുറെ സമ്പൂര്ണമായി ജലവൈദ്യുത പദ്ധതിയെ ആശ്രയിക്കുന്ന ഈ പ്രദേശത്തെ വല്ലാതെ തളര്ത്തിക്കളഞ്ഞു.
ഇത് മേഖലയിലെ ഫാക്ടറികളെയും ഗുരുതരമായി ബാധിച്ചു. ഐഫോണ് നിര്മിക്കുന്ന ഫോക്സ്കോണ്, ടെസ്ല എന്നിവയുടേതുള്പ്പെടെയുള്ള ഫാക്ടറികള് പ്രവര്ത്തന സമയം കുറയ്ക്കാനോ താല്ക്കാലികമായി ഷട്ടറിടാനോ നിര്ബന്ധിതരായി.
ഈ വര്ഷം ഓഗസ്റ്റ് വരെ ഇരുമ്പുരുക്ക് വ്യവസായത്തില് മാത്രം ലാഭവിഹിതത്തില് 80 ശതമാനത്തിന്റെ കുറവാണുണ്ടായതെന്ന് ചൈനയുടെ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ വ്യക്തമാക്കുന്നു. അവസാന നിമിഷത്തില് ഗവണ്മെന്റ് പ്രഖ്യാപിച്ച ബില്യണ് ഡോളറുകളുടെ സഹായം ഊര്ജ കമ്പനികളെയും കര്ഷകരെയും സഹായിക്കാന് ഉതകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
നിക്ഷേപകരില്ലാതെ വലഞ്ഞ് ടെക് മേഖല
മാന്ദ്യം ചൈനയുടെ ടെക് മേഖലയെയും വെറുതെ വിട്ടില്ല. കഴിഞ്ഞ രണ്ടു വര്ഷമായി ടെക് മേഖല വലിയ പ്രതിസന്ധിയിലാണ്. വമ്പന് കമ്പനികളായ ടെന്സെന്റിന്റെയും ആലിബാബയുടെയും വരുമാനത്തില് ഇക്കാലയളവില് വന് ഇടിവാണ് സംഭവിച്ചത്. ഏറ്റവും അവസാന പാദത്തില് ടെന്സെന്റിന്റെ ലാഭം 50 ശതമാനം കുറഞ്ഞപ്പോള് ആലിബാബയുടെ വരുമാനം തന്നെ പകുതിയായിക്കുറഞ്ഞു.
പതിനായിരക്കണക്കിന് യുവാക്കള്ക്കാണ് തൊഴില് നഷ്ടപ്പെട്ടത്. 16-24 പ്രായത്തിലുള്ള അഞ്ചിലൊരാള് ഇന്ന് ചൈനയില് തൊഴില്രഹിതനാണ്. ഇത് ചൈനയുടെ ഉല്പാദനക്ഷമതയെയും സാമ്പത്തിക വളര്ച്ചയെയും തെല്ലൊട്ടുമല്ല അലോസരപ്പെടുത്തുന്നത്.
വിദേശത്തു നിന്നുള്ള നിക്ഷേപകര് ഒന്നിനു പിന്നാലെ ഒന്നായി ചൈനയെ കൈയ്യൊഴിയുകയാണ്. ചൈനയിലെ ചില വമ്പന് കമ്പനികളാവട്ടെ അധികാരത്തില് പിടിമുറുക്കുന്ന ഷിയുടെ കടുത്ത നിരീക്ഷണത്തിലുമാണ്.
ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്ക്കു മാത്രമാണ് നിലവില് രക്ഷയുള്ളത്. വിദേശ നിക്ഷേപകരെല്ലാം നിക്ഷേപം പിന്വലിക്കാനുള്ള തത്രപ്പാടിലാണ്.
ആലിബാബയില് നിക്ഷേപിച്ച വന്തുക പിന്വലിച്ചിരിക്കുകയാണ് ജപ്പാനിലെ സോഫ്റ്റ്ബാങ്ക്. ഇലക്ട്രിക് വാഹന നിര്മാതാക്കളായ ബിവൈഡിയില് ഉള്ള ഓഹരികളെല്ലാം ഇതിനോടകം വിറ്റ് വാറന്ബഫറ്റിന്റെ ബെര്ക്ക്ഷെയര് ഹാത്ത്എവേയും കൈകഴുക്കിക്കഴിഞ്ഞു.
ഈ വര്ഷത്തിന്റെ രണ്ടാം പകുതിയില് മാത്രം ടെന്സെന്റില് നിന്ന് നിക്ഷേപകര് പിന്വലിച്ചത് ഏഴ് ബില്യണ് ഡോളറിന്റെ നിക്ഷേപമാണ്.
അമേരിക്കന് സ്റ്റോക്ക് മാര്ക്കറ്റിലും ചൈനീസ് കമ്പനികള് തകര്ച്ച നേരിടുകയാണ്. ചിലര് ചൈനയില് നിക്ഷേപിക്കുന്നത് വിശദമായ ആലോചനയ്ക്ക് വച്ചിരിക്കുമ്പോള് മറ്റു ചില കമ്പനികളാവട്ടെ ഇതിനോടകം മറ്റു രാജ്യങ്ങളെത്തേടിപ്പോയിക്കഴിഞ്ഞു.
ചൈനയിലെ സാഹചര്യം ഉടനെങ്ങും മാറാനിടയില്ലയെന്ന യാഥാര്ഥ്യം ഉള്ക്കൊള്ളാന് ശീലിക്കുകയാണ് ലോകമിപ്പോള്. ഷീ ജിന്പിങ് മൂന്നാമതും ചൈനീസ് പ്രസിഡന്റാകാന് കച്ചമുറുക്കിയിരിക്കുമ്പോള് ലോകത്തിന് ഇതില് കൂടുതലൊന്നും പ്രതീക്ഷിക്കാനും വയ്യ.