ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപി കണക്കാക്കുന്നതിൽ തെറ്റുണ്ടെന്നും രണ്ടര ശതമാനത്തോളം പെരുപ്പിച്ചുകാണിക്കുന്നതാണെന്നും മുൻ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. 2011-12നും 2016-17നും ഇടയിൽ ജിഡിപി കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തിയിരുന്നു. ഇതാണ് രണ്ടര ശതമാനത്തോളം ജിഡിപിയിൽ വർധന ഉണ്ടാക്കിയതെന്നുമാണ് അദ്ദേഹം പറയുന്നത്.
ഹാവാഡ് യൂണിവേഴ്സിറ്റിയിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. 2011-12 കാലയളവ് മുതൽ ഇന്ത്യ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) കണക്കാക്കുന്ന ഡാറ്റാ സോഴ്സിലും രീതിയിലും മാറ്റം വരുത്തിയിരുന്നു. ഇത് ജിഡിപി പെരുപ്പിച്ചു കാണിക്കുന്നതിനു കാരണമായെന്നുമാണ് അദ്ദേഹം പ്രബന്ധത്തിൽ പറയുന്നത്.
2011-12 മുതൽ 2016-17 വരെയുള്ള കാലയളവിൽ വാർഷിക ജിഡിപി ശരാശരി ഏഴു ശതമാനമാണ്. എന്നാൽ, യഥാർഥത്തിൽ ഇത് 4.5 ശതമാനമാണെന്ന് 95 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം പറയുന്നു. നിർമാണമേഖലയിലെ വളർച്ചാ കണക്കുകൂട്ടലിലാണ് വലിയ തോതിൽ തെറ്റുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.