കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലഹരിമരുന്നു കേസ് പ്രതിയുടെ ബന്ധുക്കളിൽ നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ആരംഭിച്ചു.
എക്സൈസ് എൻഫോഴ്സ്മെന്റ് അഡിഷണൽ കമ്മീഷണർ സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
തട്ടിപ്പിന് ഇരയായവർക്കു മുന്നിൽ കോട്ടയം സ്വദേശിയെന്നു പരിചയപ്പെടുത്തിയ അലക്സ് ചാണ്ടി, സുഹൃത്ത് നിർമലൻ, മുഹമ്മദ് സാലി, കലൂർ സ്വദേശി നവീൻ, എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ അജ്ഞാതൻ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അജ്ഞാതനൊപ്പം കാറിലുണ്ടായിരുന്നവരാണ് മറ്റു നാലുപേർ. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ;
മൂവാറ്റുപുഴ എക്സൈസ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിലെ പ്രതി മൂവാറ്റുപുഴ സ്വദേശി സ്കറിയയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാമെന്നു പറഞ്ഞു തട്ടിപ്പു സംഘം മൂന്നു തവണകളായി ബന്ധുക്കൾ നിന്ന് നാലു ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.
2022 സെപ്റ്റംബർ 29,30 തീയതികളിൽ ഓരോ ലക്ഷം രൂപ കൈപ്പറ്റിയ സംഘം ബാക്കി രണ്ടു ലക്ഷം രൂപയുമായി സ്കറിയയുടെ ബന്ധുക്കളെ നേരിട്ടു വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് പരാതി.
കേസിൽനിന്ന് ഒഴിവാക്കാനുള്ള രേഖകളിൽ ഒപ്പിടാനെന്നു പറഞ്ഞു സ്കറിയയുടെ ബന്ധുക്കളെ എറണാകുളം കച്ചേരിപ്പടിയിലുള്ള എക്സൈസ് ഡിവിഷൻ ഓഫീസിന്റെ മുന്നിലേക്ക് സംഘം വിളിച്ചുവരുത്തുകയായിരുന്നു.
അവിടെ കാറിൽ കാത്തിരിക്കാൻ സംഘം നിർദേശിച്ചു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥനെന്നു തോന്നുംവിധം കാക്കി പാന്റ് ധരിച്ച് ചില ഫയലുകളുമായി വന്നയാൾ കാറിൽ കയറിയിട്ട് അയ്യപ്പൻകാവ് ഭാഗത്തേക്കുപോകാൻ നിർദേശിക്കുകയായിരുന്നു.
യാത്രയ്ക്കിടെ രണ്ടു ലക്ഷം രൂപ കൈപ്പറ്റിയ അയാൾ ഫയലിലെ ചില രേഖകളിൽ ഒപ്പിടുവിച്ചതായും പരാതിയിലുണ്ട്.
അതിനുശേഷം കേസിൽനിന്ന് സ്കറിയയെ ഒഴിവാക്കിയതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
എന്നാൽ ഇതേ കേസിൽ സ്കറിയയെ മൂന്നാം പ്രതിയാക്കി പിന്നീട് മൂവാറ്റുപുഴ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചപ്പോഴാണ് ബന്ധുക്കൾ തട്ടിപ്പു മനസിലാക്കി എക്സൈസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്.
രണ്ടു ലക്ഷം രൂപ വാങ്ങിയ കാക്കി പാന്റ് ധരിച്ചയാൾ എക്സൈസ് ഉദ്യോഗസ്ഥൻ ആയിരിക്കുമെന്ന കണക്കുകൂട്ടലിലാണ് പ്രാഥമികാന്വേഷണം ആരംഭിച്ചത്.
എന്നാൽ അത് യഥാർഥ ഉദ്യോഗസ്ഥൻ അല്ലെന്നു മനസിലായതോടെയാണ് എക്സൈസ് സംഘം ഡിജിപിക്ക് പരാതി നൽകിയത്.