പത്തനംതിട്ട: മൈലപ്ര, കോന്നി റീജണല്‍ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ അന്വേഷണത്തിന് ഇഡി എത്തിയേക്കും. സമീപകാലത്ത് കേരളത്തില്‍ നടന്ന വിവാദമായ സഹകരണ ബാങ്ക് ക്രമക്കേടുകളുടേതിനു സമാനമായ തട്ടിപ്പുകളെ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേന്ദ്ര ധനമന്ത്രാലയത്തിനു കൈമാറിയ റിപ്പോര്‍ട്ടില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്പ്പെട്ടിരിക്കുന്നത് രണ്ട് ബാങ്കുകളാണ്.
മൈലപ്ര സഹകരണ ബാങ്ക്, കോന്നി റീജിയണല്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നടന്നത് കരുവന്നൂര്‍ സഹകരണ ബാങ്കിനു സമാനമായ ക്രമക്കേടുകളാണെന്നാണ് ഇഡിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. 12 സഹകരണ ബാങ്കുകളിലാണ് ഇഡിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേടുകള്‍ അതിരൂക്ഷമായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ധനമന്ത്രാലയത്തിനു കീഴിലുള്ള റവന്യൂവകുപ്പിനാണ് വിവരങ്ങള്‍ കൈമാറിയത്. വായ്പ നല്‍കുന്നതിലെ ക്രമക്കേടാണ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. സഹകരണ നിയമങ്ങള്‍ ലംഘിച്ച് വന്‍തുക അംഗങ്ങളല്ലാത്തവര്‍ക്കും വായ്പ നല്കി, അംഗങ്ങളല്ലാത്തവരില്‍ നിന്നു നിക്ഷേപം സ്വീകരിച്ചു, ഓഡിറ്റിംഗില്‍ ക്രമക്കേട് തുടങ്ങിയവ വിശദമാക്കിയാണ് റിപ്പോര്‍ട്ട്.
മൈലപ്ര സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ക്രൈംബ്രാഞ്ച് സംഘം വിശദമായ അന്വേഷണം നടത്തി മുന്‍ സെക്രട്ടറിയെ അടക്കം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നിക്ഷേപകരുടെ തുക മടക്കി നല്കുന്നതു സംബന്ധിച്ച് സഹകരണ വകുപ്പാണ് തീരുമാനങ്ങളെടുക്കേണ്ടത്. ബാങ്കിലെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
സഹകരണ നിയമങ്ങള്‍ കാറ്റില്‍പറത്തി മൈലപ്രയില്‍ കോടി കണക്കിനു രൂപയുടെ അനധികൃത വായ്പയാണ് നല്‍കിയത്. ബിനാമി ഇടപാടുകളും ഇതിനു പിന്നിലുണ്ടായി. ബാങ്കിന്റെ തകര്‍ച്ചയ്ക്കു പ്രധാന കാരണം ഇത്തരത്തില്‍ വായ്പ നല്‍കിയതാണെന്ന് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
മൈലപ്ര സഹകരണബാങ്കുമായി ബന്ധപ്പെട്ട് 86.12 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് ജോയിന്റ് രജിസ്ട്രാര്‍ കോടതിക്കു നല്കിയ റിപ്പോര്‍ട്ട്.
ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസ് ഏറ്റെടുത്ത് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചതിനു ശേഷമാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. മൈലപ്രയില്‍ സിപിഎം നേതൃത്വം നേരിട്ട് ഇടപെടുകയോടെ തട്ടിപ്പുകളെ സംബന്ധിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുകയോ ചെയ്തിരുന്നില്ല.
സിപിഎം ഏരിയാ കമ്മിറ്റിയംഗമാണ് ബാങ്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ചതെങ്കിലും ഭരണസമിതിയില്‍ ഇതര പാര്‍ട്ടിക്കാരും ഉള്‍പ്പെട്ടിരുന്നു. ജെറി ഈശോ ഉമ്മനാകട്ടെ സിപിഎം ബന്ധത്തില്‍ വരുന്നതിനു മുന്‍പേ ബാങ്ക് പ്രസിഡന്റുമായിരുന്നു. എന്നാല്‍ കോന്നി റീജിയണല്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ ശക്തമായ നടപടികള്‍ സിപിഎം ഭാഗത്തുനിന്നുണ്ടായി.
വര്‍ഷങ്ങളായി സിപിഎം ഭരണസമിതി നേതൃത്വം നല്‍കിവരുന്ന ബാങ്കില്‍ 2017 ഫെബ്രുവരിയിലാണ് സാന്പത്തിക ക്രമക്കേട് ആദ്യമായി കണ്ടെത്തിയത്. ബാങ്ക് ജീവനക്കാരന് തന്നെ കണ്ടെത്തിയ ക്രമക്കേടു സംബന്ധിച്ച് പ്രസിഡന്റിനും ഭരണസമിതിക്കും റിപ്പോര്‍ട്ട് നല്കി. ബാങ്കിലെ വായ്പ, ചിട്ടി ഇനങ്ങളില്‍ വന്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്നുംഅഞ്ചു കോടിയിലധികം രൂപ തട്ടിയെടുത്തതായും കണ്ടെത്തി.
ബാങ്കിലെ കംപ്യൂട്ടര്‍ മുഖേന നടത്തിയ ഇടപാടുകളും മുന്‍ സെക്രട്ടറി എസ്.ഷൈലജ, ക്ലാര്‍ക്ക് ജൂലി ആര്. നായര്‍, അറ്റന്‍ഡര്‍ മോഹനന് നായര്‍ എന്നിവരുടെ പേരിലാണ് ക്രമക്കേടുകള്‍ സംബന്ധിച്ചു പരാതികളുണ്ടായത്. ഇവര്‍ക്കെതിരേ നിയമനടപടി ഉണ്ടായി. ബാങ്ക് പ്രസിഡന്റായിരുന്ന വി.ബി. ശ്രീനിവാസനെതിരേ സിപിഎമ്മും നടപടിയെടുത്തു. ബാങ്ക് പ്രസിഡന്റു സ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കിയതിനു പിന്നാലെ സിപിഎമ്മില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
സഹകരണ വകുപ്പിലെ 65 ാം വകുപ്പ് പ്രകാരമുള്ള അന്വേഷണവും ഭരണസമിതിയുടെ ആഭ്യന്തരഅന്വേഷണവും പൂര്‍ത്തീകരിച്ചിരുന്നു. ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭരണസമിതി പോലീസില്‍ കേസ് നല്‍കുകയും ചെയ്തു. ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. തട്ടിപ്പു സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.