തബ് ലീഗ് ജമാഅത്തെ നേതാവ് മൗലാന സാദ് ഖാണ്ഡല്‍വിക്കെതിരേ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു.
ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും ഉള്ളവര്‍ പങ്കെടുത്ത തബ്ലീഗ് ജമാഅത്ത് മര്‍ക്കസിന്റെ പണനിക്ഷേപവുമായി ബന്ധപ്പെട്ട് അന്വേഷണവും നടത്തുന്നുണ്ട്.
ജമാഅത്ത് നേതാവിനും മറ്റ് അഞ്ചുപേര്‍ക്കുമെതിരേ ഡല്‍ഹി ക്രൈംബ്രാഞ്ച് മാര്‍ച്ച് 31ന് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
ലോക്ക്ഡൗണ്‍ ഭേദിച്ച് മതസമ്മേളനം നടത്തിയ കുറ്റമടക്കം ചുമത്തിയായിരുന്നു കേസ്.
മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തിരുന്നു. 1897ലെ പകര്‍ച്ചവ്യാധി നിരോധനനിയമത്തിന്റെ പേരിലാണ് ഡല്‍ഹി പോലീസ് കേസെടുത്തിരുന്നത്.
നിയമങ്ങള്‍ ലംഘിച്ചുള്ള നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തെ തുടര്‍ന്ന് നിരവധി പേര്‍ക്ക് കൊറോണ ബാധിക്കുകയും രാജ്യമൊട്ടാകെ രോഗം പടരുകയും ചെയ്തിരുന്നു. ഖാണ്ഡല്‍വിയായിരുന്നു സമ്മേളനത്തിന് നേതൃത്വം നല്‍കിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡല്‍ഹി പോലീസ് അദ്ദേഹത്തിനും ജീവനക്കാര്‍ക്കും എതിരെ കേസെടുത്തത്. ഇതിനു പിന്നാലെയാണ് കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍ ഇഡി കേസ് വരുന്നത്.
ക്വാറന്റൈന് പൂര്‍ത്തിയാകുന്നതോടെ ഖാണ്ഡല്‍വിയെ എത്രയും പെട്ടെന്ന് ചോദ്യംചെയ്യുമെന്നും ഇഡി അറിയിച്ചു.
ഖാണ്ഡല്‍വിയുടെയും മറ്റ് ഓഫീസ് ജീവനക്കാരുടെയും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. സംഘടന വിദേശത്തു നിന്നും മറ്റും സ്വീകരിച്ച സംഭാവനകളും ഇഡി പരിശോധിച്ചു വരികയാണ്.