കാട്ടാക്കട: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പിൽ ഇഡിയുടെ പരിശോധന പൂർത്തിയായി. 44 മണിക്കൂർ പിന്നിട്ട പരിശോധന ഇന്ന് പുലർച്ചെ 12 നാണ് പൂർത്തിയായത്. ബാങ്കിൽനിന്നു സുപ്രധാന രേഖകളും സിപിയു ഹാർഡ് ഡിസ്ക് അടക്കമുള്ളവയും ഇഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഭാസുരാംഗന്റെ ആരോഗ്യനില തൃപ്തികരമെങ്കിൽ ഇഡി ഇന്ന് ചോദ്യം ചെയ്തേക്കും. അതിനിടെ കഴിഞ്ഞ ദിവസം ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. മകൻ അഖിൽജിത്തിന്റെ ആഡംബര കാറും ഇ ഡി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഇഡി ഉദ്യോഗസ്ഥർ അഖിൽജിത്തിനെ കിംസ് ആശുപത്രിയിൽ കഴിയുന്ന ഭാസുരാംഗന്റെ അടുത്തെത്തിച്ചിരുന്നു. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം.
കണ്ടലയിലെ വീട്ടിൽവച്ച് ഇഡി ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്തതോടെയാണ് ഭാസുരാംഗനെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. സിപിഐ നേതാവ് കൂടിയായിരുന്ന എൻ.ഭാസുരാംഗൻ കഴിഞ്ഞ 30 വർഷത്തിലേറെയായി ബാങ്ക് പ്രസിഡന്റായി തുടരുകയായിരുന്നു.
ബാങ്ക് ക്രമക്കേടിൽ കുറ്റാരോപിതനായതോടെ ഭാസുരാംഗനെ സിപിഐ പുറത്താക്കിയിരുന്നു.പഴയ പല രേഖകളും നശിപ്പിച്ചതായും അവയ്ക്ക് പകരം പുതിയ രേഖകൾ വ്യാജമായി തയാറാക്കി വച്ചതായും സൂചനയുണ്ട്. ചട്ട വിരുദ്ധമായി നൽകിയ വായ്പയുടെ ഇടപാട് രേഖകളാണ് ഇത്തരത്തിൽ നശിപ്പിച്ചതെന്നാണ് സൂചന.
അതിനിടെ പ്രധാന ആരോപണ വിധേയരായ സിപിഐ നേതാവ് എൻ. ഭാസുരാംഗനും മകൻ അഖിൽജിത്തും നിരീക്ഷണത്തിൽ തുടരുകയാണ്. ഭാസുരാംഗന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർമാർ ഇഡിയെ അറിയിച്ചിരുന്നത്. ഭാസുരാംഗൻ ഇന്ന് ആശുപത്രി വിട്ടേക്കും. ഭാസുരാംഗന്റെ മകൻ അഖിൽജിത്തിൽ നിന്ന് വരും ദിവസങ്ങളിൽ വിശദാംശങ്ങൾ ശേഖരിക്കും.
അഖിൽ ജിത്തിന്റെ നിക്ഷേപം, സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകൾ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. മാറനെല്ലൂരിലുള്ള വീടും കാറും ഇഡി നിരീക്ഷണത്തിലാണ്. മാത്രമല്ല കണ്ടല ബാങ്കിൽ വൻ നിക്ഷേപം നടത്തിയവരുടെ മൊഴിയും ഇഡി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും.