അഹമ്മദാബാദ്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെന്ന വ്യാജേന ജ്വല്ലറിയിലും ഉടമയുടെ വീട്ടിലുമെത്തിയ സംഘം 25.5 ലക്ഷം രൂപയുടെ സ്വർണം കവർന്നു. ഗുജറാത്തിൽ ഗാന്ധിധാം ടൗണിലെ കനൈയ ധാക്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള രാധിക ജ്വല്ലേഴ്സിലാണ് വ്യാജ ഇഡി റെയ്ഡ് നടന്നത്. മൂന്നു കാറുകളിലായി ഒരു സ്ത്രീ ഉൾപ്പെടെ 13 അംഗസംഘമാണ് ജ്വല്ലറിയിൽ എത്തിയത്.
ഐഡി കാർഡ് കാണിച്ച് ഇഡി ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തി ജ്വല്ലറിയിലുണ്ടായിരുന്നവരുടെ ഫോണുകളും ഡിവിആറുമൊക്കെ പിടിച്ചുവാങ്ങി റെയ്ഡ് തുടങ്ങി. സംഘത്തിലെ ഒരാൾതന്നെ ഇതെല്ലാം വീഡിയോയിൽ പകർത്തി. കടയിലെ പരിശോധനയ്ക്കുശേഷം ജ്വല്ലറി ഉടമയുടെ വീട്ടിലുമെത്തി റെയ്ഡ് നടത്തി.
രണ്ട് സ്ഥലങ്ങളിൽനിന്നായി 25.5 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്ത സംഘം സ്ഥലംവിടുകയും ചെയ്തു.സംശയം തോന്നി ജ്വല്ലറി ഉടമ പോലീസിനെ സമീപിച്ചതോടെയാണ് റെയ്ഡിന് വന്നവർ ഇഡി ഉദ്യോഗസ്ഥരല്ലെന്നു മനസിലായത്. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ 13 പേരിൽ 12 പേരെയും പിടികൂടി. സ്വർണത്തിന്റെ വലിയൊരു ഭാഗം കണ്ടെടുക്കുകയും ചെയ്തു.