തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണവും ചോദ്യം ചെയ്യലും വീണ്ടും സിപിഎമ്മിലെ വിഐപികളിലേക്ക്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിനു മുൻപായി കരുവന്നൂർ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുരുക്കു മുറുക്കുകയാണ്. കേസിൽ തൃശൂർ കോർപറേഷൻ സിപിഎം കൗണ്‍സിലർ അനൂപ് ഡേവിസ് കാടയെ ഇഡി വീണ്ടും ചോദ്യം ചെയ്യും.
ഇദ്ദേഹത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. അനൂപിനെ നേരത്തെ ഇഡി വിശദമായി ചോദ്യം ചെയ്ത് മൊഴിയെടുത്തിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത് ഇഡിക്ക് ലഭിച്ച ചില വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നാണ് വിവരം.
അനൂപിനു തൊട്ടുപിന്നാലെ മുൻ മന്ത്രി എ.സി. മൊയ്തീൻ എംഎൽഎയെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി എന്നു സൂചനകളുണ്ട്.
കേസന്വേഷണം വേഗത്തിലാക്കാൻ കോടതിയും അടുത്തിടെ നിർദേശം നൽകിയിരുന്നു. കേസിലുൾപ്പെട്ട ചില പ്രധാനികളെ മാപ്പുസാക്ഷികളാക്കിയതിനെ തുടർന്ന് ഇഡിക്ക് പല നിർണായക വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
തട്ടിപ്പിലെ മുഖ്യ പ്രതിയായ വെളപ്പായ സതീശൻ കരുവന്നൂർ ബാങ്കിൽനിന്ന് ബിനാമി ഇടപാടുകളിലൂടെ 14 കോടി തട്ടിയെന്നാണ് ഇഡി കണ്ടെത്തിയത്. സതീശന് സിപിഎം നേതാക്കളുമായി സാന്പത്തിക ഇടപാടുകളുണ്ടെന്ന് ഇഡിക്ക് ജീവനക്കാർ അടക്കമുള്ളവർ മൊഴി നൽകിയിരുന്നു. സതീശനുമായി മുൻ മന്ത്രി എ.സി. മൊയ്തീൻ, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലർ അരവിന്ദാക്ഷൻ എന്നിവർക്ക് പുറമെ അനൂപ് ഡേവിസ് കാടയ്ക്കും പങ്കുണ്ടെന്നാണ് ഇഡിക്ക് ലഭിച്ചിരിക്കുന്ന മൊഴി.