തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരേയും കേന്ദ്ര ഏജൻസികളുടെ നടപടിയുണ്ടാകുമെന്ന പ്രചരണങ്ങൾക്കെതിരേ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിൽ ഇഡി വരട്ടെ അപ്പോൾ കാണാമെന്ന് റിയാസ് പ്രതികരിച്ചു. ഇവിടെ ഒന്നും നടക്കില്ലെന്നും ബിജെപിയുടെ പ്രചാരണത്തെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്ത പോലെ പിണറായിക്കെതിരേയും നടപടിയുണ്ടാകുമെന്ന പ്രചാരണങ്ങൾക്കെതിരേയാണ് റിയാസ് ഇക്കാര്യങ്ങൾ പറഞ്ഞത്.e
സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയായതു കൊണ്ടാണ് കേരളത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനു വരാത്തതെന്ന കോണ്ഗ്രസിന്റെ നിലപാട് അവർ നേരത്തെ ഉന്നയിക്കുന്ന ആരോപണമാണ്. കോണ്ഗ്രസ് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഇന്ത്യ മുന്നണിയുടെ ഭാഗമായ ആംആദ്മി നേതാവ് കേജരിവാളിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കോണ്ഗ്രസ് ശക്തമായ പ്രതിഷേധമാണു നടത്തുന്നത്.
കേരളത്തിലെ കാര്യം വരുന്പോൾ ഇരട്ടത്താപ്പ് കാണിക്കുന്നു. തലസ്ഥാനത്തെ റോഡ് പണി പറഞ്ഞസമയത്ത് തീർക്കും. ചില കരാറുകാർ പദ്ധതിക്ക് തുരങ്കം വയ്ക്കാൻ ഇറങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കേന്ദ്ര ഏജൻസികൾക്ക് കേരളത്തിൽ എത്തിയാൽ മൃദുസമീപനവും മൗനവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ലൈഫ്മിഷൻ കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കോടതി റിമാൻഡ് ചെയ്തപ്പോൾ പദ്ധതിയുടെ ചെയർമാനായ പിണറായി വിജയനെ നോട്ടീസ് കൊടുത്ത് മൊഴിയെടുക്കാൻ പോലും ഇഡി തയായാറാകാത്തത് സംഘപരിവാറും കേരളത്തിലെ എൽഡിഎഫ് സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്നും വി.ഡി.സതീശൻ ആരോപിച്ചിരുന്നു.