കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചേലക്കര എംപി കെ. രാധാകൃഷ്ണന് ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണം. നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാധാകൃഷ്ണന് ഹാജരായിരുന്നില്ല.
തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് ഇഡി നോട്ടീസ് നല്‍കിയത്. ഇഡി ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞ മാസം 17ന് രാധാകൃഷ്ണന് കൈമാറിയിരുന്നു. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ പാര്‍ട്ടിയുടെ ഇടപാടിനെ കുറിച്ച് മൊഴിയെടുക്കാനാണ് കെ. രാധാകൃഷ്ണന് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. കരുവന്നൂരില്‍ രണ്ടാം ഘട്ട കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇഡി.
കരുവന്നൂരില്‍ തട്ടിയെടുത്ത പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. ഈ കാലയളവില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണന്.
കൃത്യമായ രേഖകളില്ലാതെ ബെനാമി വായ്പകള്‍ നല്കി സഹകരണ ബാങ്കിന്റെ പണം തട്ടിയെടുത്തെന്നാണു കേസ്. കേസില്‍ ഇതുവരെ 128.72 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. പോലീസ് റജിസ്റ്റര്‍ ചെയ്ത 16 കേസുകള്‍ ഒരുമിച്ചെടുത്താണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇഡി നടപടിയെടുത്തത്.