കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഓഫീസിലെത്തി.
തൃശൂര്‍ കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കണ്ണനെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസിലേക്ക് ഇഡി വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യം ചെയ്യല്‍ ഉടന്‍ നടക്കും.
എം.കെ. കണ്ണന് പ്രസിഡന്റായിരുന്ന തൃശൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലായിരുന്നു കള്ളപ്പണക്കേസിലെ ഒന്നാം പ്രതി സതീഷ്കുമാര്‍ ബിനാനി ഇടപാടുകള്‍ നടത്തിയിരുന്നത്.
ഈ രേഖകള്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ക്കായാണ് കണ്ണനെ ചോദ്യം ചെയ്യുന്നത്. എം.സി. മൊയ്തീന് എംഎല്‍എ ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടീസ് വീണ്ടും നല്‍കുന്നതിനെക്കുറിച്ചുള്ള തീരുമാനവും ഇന്നുണ്ടാകും.
വധഭീഷണി നേരിടുന്നുവെന്ന് കരുവന്നൂരിലെ പരാതിക്കാരൻ
തൃശൂർ: തനിക്ക് വധ ഭീഷണിയുണ്ടെന്നും ജീവൻ അപായപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ പരാതിക്കാരൻ സുരേഷ്.
അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയതിന് പിന്നാലെ തനിക്കുനേരേ ഭീഷണി വർധിച്ചുവെന്നും സുരേഷ് പറഞ്ഞു. സ്പെഷൽ ബ്രാഞ്ചും ഇന്റലിജൻസ് ബ്യൂറോയും ഇതുസംബന്ധിച്ച് തനിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തന്നെ അന്വേഷിച്ച് വീട്ടിലേക്ക് വരെ ആളുകളെത്തിയിരുന്നു.
ബാങ്ക് മാനജർ ബിജു കരീമും ജിൽസും നേരത്തെ തനിക്കെതിരേ ഭീഷണി മുഴക്കിയിരുന്നെന്നും സുരേഷ് പറഞ്ഞു.