കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 12 ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. തട്ടിപ്പു കേസിലെ പ്രതി അനന്തുകൃഷ്ണന്റെയും സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിന്റെയും സ്ഥാപനങ്ങളിലും വീടുകളിലും അനന്തുകൃഷ്ണന്റെ ലീഗല്‍ അഡൈ്വസറും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. ലാലി വിന്‍സെന്റിന്റെ കൊച്ചിയിലെ ഫ്ളാറ്റിലും ഓഫീസുമാണ് ഇന്ന് രാവിലെ മുതല്‍ ഇഡി പരിശോധന നടക്കുന്നത്.
പാതിവില തട്ടിപ്പിന് തുടക്കമിട്ട അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും ആനന്ദകുമാറിന്റെ ശാസ്ത മംഗലത്തെ ഓഫീസിലും തോന്നയ്ക്കല്‍ സായി ഗ്രാമിലും കൊച്ചിയില്‍നിന്നുള്ള ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. തട്ടിപ്പില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ഇഡി കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നു പേരുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നത്.
ലാലി വിന്‍സെന്റ് കുടുങ്ങുമോ?
ലാലി വിന്‍സെന്റിന്റെ ഹൈക്കോര്‍ട്ട് ജംഗ്ഷനിലുള്ള 108-ാം നമ്പര്‍ പ്രസന്ന വിഹാര്‍ എന്ന ഫ്ളാറ്റിലും ഓഫീസിലുമായി രണ്ടു വാഹനങ്ങളിൽ എത്തിയ ഇഡി സംഘം രാവിലെ മുതല്‍ പരിശോധന ആരംഭിച്ചു. ലാലി വിന്‍സെന്റ് ഫ്ളാറ്റില്‍ ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പകുതിവില തട്ടിപ്പ് കേസില്‍ നേരത്തെ ലാലി വിന്‍സെന്റിനെ പോലീസ് പ്രതി ചേര്‍ത്തിരുന്നു. കണ്ണൂര്‍ ടൗണ്‍ പോലീസ് എടുത്ത കേസില്‍ ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്.
അനന്തു കൃഷ്ണന്റെ സ്ഥാപനത്തില്‍നിന്ന് താന്‍ 46 ലക്ഷം രൂപ വക്കീല്‍ ഫീസായി കൈപ്പറ്റിയിരുന്നുവെന്നും തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്നുമായിരുന്നു ലാലി വിന്‍സെന്റിന്റെ പ്രതികരണം. നിയമോപദേശത്തിനായാണ് പണം കൈപ്പറ്റിയത്. മറ്റു സാമ്പത്തിക നേട്ടങ്ങളൊന്നും ഇല്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നുമായിരുന്നു ലാലി വിന്‍സെന്റ് പറഞ്ഞത്. അനന്തു കൃഷ്ണനെ പരിചയപ്പെടുത്തിയത് ലാലി വിന്‍സെന്റ് ആണെന്ന എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചുമതലയുണ്ടായിരുന്ന ആനന്ദകുമാറിനെ വാദവും ലാലി തള്ളിയിരുന്നു.
ഈ കേസില്‍ ലാലി വിന്‍സെന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. ലാലി വിന്‍സെന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്നും ഹൈക്കോടതി കണ്ടെത്തിയിരുന്നു. പകുതി വില തട്ടിപ്പില്‍ ലാലി വിന്‍സെന്റിന്റെ പങ്കിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ലാലിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്, അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും അന്നുവരെ നീട്ടി. പോലീസ് വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചത്.
രാഷ്ട്രീയക്കാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം
കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത ഇഡി കഴിഞ്ഞ ദിവസം പരാതിക്കാരില്‍നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. 159 കോടി രൂപയുടെ ഇടപാട് മൊത്തത്തില്‍ നടന്നുവെന്നാണ് ഇഡിയുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പാതിവിലയില്‍ സ്കൂട്ടര്‍ ഉള്‍പ്പെടെ നല്‍കാമെന്ന് പറഞ്ഞ് സാധാരണക്കാരില്‍നിന്ന് പിരിച്ചെടുത്ത ഈ പണം, കള്ളപ്പണമായി പലര്‍ക്കും കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി ഇഡി മുന്നോട്ടുപോകുന്നത്.
രാഷ്ട്രീയഭേദമില്ലാതെ വിവിധ നേതാക്കള്‍ക്ക് അനന്തുകൃഷ്ണന് പണം നല്‍കിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇടുക്കിയിലെ വിവിധ രാഷ്ട്രീയനേതാക്കള്‍ക്ക് ഒന്നരക്കോടിയോളം രൂപ ഇയാള്‍ നല്‍കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭ്യമാകുന്ന വിവരം. നേതാക്കള്‍ക്ക് നേരിട്ടല്ല അനന്തുകൃഷ്ണന് പണം കൈമാറിയിരുന്നത്.
നേതാക്കളുടെ അടുപ്പക്കാര്‍ വഴിയും ബിനാമികള്‍ വഴിയുമായിരുന്നു ഇടപാട്. തെരഞ്ഞെടുപ്പ് സമയത്താണ് ഇത്രയും തുക കൈമാറിയതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. നാലിടത്താണ് അനന്തു ഭൂമി വാങ്ങിക്കൂട്ടിയതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ നേതാക്കളെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം തന്നെയാണ് പുരോഗമിക്കുന്നത്. കൊച്ചിയിൽനിന്നുള്ള 60 അംഗ ഇഡി സംഘമാണ് സംസ്ഥാന വ്യാപകമായി പരിശോധനയിൽ പങ്കെടുക്കുന്നത്.
ക്രൈംബ്രാഞ്ച് പരിശോധന തുടരുന്നു
അതേസമയം, പാതിവില തട്ടിപ്പിലെ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനത്തില്‍ ഇന്നും ക്രൈംബ്രാഞ്ച് പരിശോധന തുടരുകയാണ്. കടവന്ത്രയിലെ സോഷ്യല്‍ ബി വെന്‍ഞ്ചേഴ്സ് എന്ന സ്ഥാപനത്തിലാണ് ക്രൈംബ്രാഞ്ച് എസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ മുതല്‍ പരിശോധന തുടങ്ങിയത്. കുറച്ചു ദിവസമായി നടക്കുന്ന പരിശോധനകളുടെ തുടര്‍ച്ചയാണ് സോഷ്യല്‍ ബീയിലെ പരിശോധനയെന്ന് ക്രൈംബ്രാഞ്ച് എസ്പി സോജന് പറഞ്ഞു.
സ്വന്തം ലേഖിക