പോപ്പുലര്‍ ഫ്രണ്ടിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) നടപടി. സംഘടനയുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ഇ.ഡി. അറിയിച്ചു.
ഇതിനു പുറമേ, പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള റിഹാബ് ഫൗണ്ടേഷന്റെ പത്ത് അക്കൗണ്ടുകളും മരവിപ്പിച്ചു. ഇവയിലുണ്ടായിരുന്ന 68,62,081 രൂപ കണ്ടുകെട്ടി.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന നേതാവ് എം.കെ. അഷറഫ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസിലാണു നടപടി.
59 ലക്ഷത്തോളം രൂപ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍നിന്നും പത്തു ലക്ഷം രൂപ റിഹാബ് ഫൗണ്ടേഷന്റെ അക്കൗണ്ടില്‍നിന്നുമാണ് മരവിപ്പിച്ചത്.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് 2009 മുതല്‍ 60 കോടി രൂപ അനധികൃതമായി എത്തിയെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍.
ഇതുമായി ബന്ധപ്പെട്ട് രണ്ടു മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലിലുണ്ട്. ലഖ്നൗ കോടതിയില്‍ ഇതു സംബന്ധിച്ച കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളില്‍ ഇ.ഡി അടുത്തിടെ റെയ്ഡ് നടത്തിയിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം ഉണ്ടാകുമെന്ന സൂചന നിലനില്‍ക്കെയാണു നടപടികള്‍. 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിനായി വന്‍തോതില്‍ പണമൊഴുകിയത് ഇത്തരം അക്കൗണ്ടുകള്‍ വഴിയാണെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റു ശേഖരിക്കുന്ന കോടിക്കണക്കിനു രൂപ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം നടത്തിയെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തല്‍.