തലശേരി: ബിജെപി പ്രവർത്തകൻ എടച്ചോളി പ്രേമൻ (29) വധക്കേസിൽ പ്രതികളായ തലശേരി നഗരസഭാ ചെയർമാൻ ഉൾപ്പെടെ ഏഴ് സിപിഎം പ്രവർത്തകരെയും കോടതി വെറുതെ വിട്ടു. കോടിയേരി സ്വദേശികളായ കെ.അഭി എന്ന അഭിനേഷ് (38), വി.പി.ഷൈജേഷ് (37), കുനിയിൽ പി. മനോജ് (40), കാട്ടിന്റവിട ചാത്തമ്പള്ളി വിനോദ് (40), തയ്യിൽ വട്ടക്കണ്ടി സജീവൻ (39), വട്ടക്കണ്ടി റിഗേഷ് (36), തലശേരി നഗരസഭ ചെയർമാൻ കാരാൽ തെരുവിലെ കുനിയിൽ സി.കെ.രമേശൻ (50) എന്നിവരെയാണ് തലശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടത്.
കേസിൽ എട്ടു പ്രതികളാണുണ്ടായിരുന്നത്. ഏഴാം പ്രതിയായിരുന്ന കുനിയിൽ ചന്ദ്രശേഖരൻ നേരത്തെ മരണമടഞ്ഞിരുന്നു. 2005 ഒക്ടോബർ 13 നാണ് കേസിനാസ്പദമായ സംഭവം. രാവിലെ പതിനൊന്നോടെ കോടിയേരി മൂഴിക്കരയിലെ അനിയുടെ സ്റ്റേഷനറി കടയിലെ കോയിൻ ബൂത്തിൽ നിന്ന് ഫോൺ ചെയ്യുകയായിരുന്ന പ്രേമനെ പ്രതികൾ രാഷ്ട്രീയ വിരോധം കാരണം വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
കണ്ട്യൻ അജേഷിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. അക്രമത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ പ്രേമൻ മാസങ്ങൾക്കുശേഷം ചികിത്സയ്ക്കിടയിലാണ് മരണമടഞ്ഞത്. കെ.ദിനേശൻ, എം.കെ.രവീന്ദ്രൻ, എം.അശോകൻ, പി.രമേശൻ, ഡോ.ശ്യാമള, ഡോ.ജോർജ്കുട്ടി, ഡോ.കെ.എസ്.കൃഷ്ണകുമാർ ,പോലീസ് ഓഫീസർമാരായ എം.ഡി.പ്രേമദാസൻ, തോമസ് മാത്യു, കെ.ബിനു, ശശിധരൻ, ടി. ശ്രീധരൻ തുടങ്ങിയവരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. പ്രതികൾക്ക് വേണ്ടി അഡ്വ.സി.കെ.ശ്രീധരൻ, അഡ്വ.കെ.സത്യൻ, അഡ്വ. പ്രദ്യു എന്നിവർ ഹാജരായി.
വിധികേൾക്കാൻ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, എ.എൻ.ഷംസീർ എംഎൽഎ, എം.സുരേന്ദ്രൻ, വി.പി.വിജേഷ്, എം.സി.പവിത്രൻ തുടങ്ങി നിരവധി നേതാക്കളും കൗൺസിലർമാരും പ്രവർത്തകരും എത്തിയിരുന്നു. എന്നാൽ, വിധിയെക്കുറിച്ച് പ്രതികരിക്കാൻ നേതാക്കൾ തയാറായില്ല.